
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ശാഹീ ജാമിഅ് മസ്ജിദിന് സമീപത്തെ 123 കെട്ടിടങ്ങള്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി ജില്ലാഭരണകൂടം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പുരാവസ്തുക്കള്‍ക്ക് സമീപമുള്ള കെട്ടിടങ്ങളാണ് പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. കഴിഞ്ഞ ഏഴ് വെള്ളിയാഴ്ചകളെ പോലെ ഈ വെള്ളിയാഴ്ചയും മസ്ജിദിന് സമീപം ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. 31 മജിസ്‌ട്രേറ്റുമാര്‍ക്കായിരുന്നു ഇതിന്റെ ചുമതലയെന്നും രാജേന്ദ്ര പെന്‍സിയ പറഞ്ഞു.
ശാഹീ ജാമിഅ് മസ്ജിദ് ശിവക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജി പരിഗണിച്ച സിവില്‍കോടതി സര്‍വെക്ക് ഉത്തരവിട്ടതിനെ തുടര്‍ന്ന് നവംബര്‍ 24ന് സംഘര്‍ഷം ഉണ്ടായിരുന്നു. ആറു മുസ്‌ലിം യുവാക്കളെയാണ് പോലിസ് അന്ന് വെടിവെച്ചു കൊന്നത്. ഈ സംഭവത്തിന് ശേഷം പ്രദേശത്ത് വൈദ്യുതി മോഷണം ആരോപിച്ച് 16 പള്ളികള്‍ക്കും രണ്ടു മദ്‌റസകള്‍ക്കുമെതിരേ കേസെടുത്തതായി വൈദ്യുതി വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ വിനോദ് കുമാര്‍ പറഞ്ഞു. പതിനൊന്ന് കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്.
അതേസമയം, സംഭല്‍ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 24 പേര്‍ക്കെതിരേ പ്രാദേശിക കോടതി ജാമ്യമില്ലാ വാറന്‍ഡ് ഇറക്കി. സംഘര്‍ഷക്കേസുകളില്‍ ഇതുവരെ ആറു സ്ത്രീകള്‍ അടക്കം 60 പേരെ അറസ്റ്റ് ചെയ്തതായി എസ്പി കൃഷ്ണകുമാര്‍ ബിഷ്‌ണോയ് പറഞ്ഞു.