അഡ്വ. സഫര്‍ അലിയ്ക്ക് ഇടക്കാല ജാമ്യമില്ല; കോടതി വളപ്പില്‍ പ്രതിഷേധിച്ച് ബാര്‍ അസോസിയേഷനുകള്‍

Update: 2025-03-27 12:26 GMT
അഡ്വ. സഫര്‍ അലിയ്ക്ക് ഇടക്കാല ജാമ്യമില്ല; കോടതി വളപ്പില്‍ പ്രതിഷേധിച്ച് ബാര്‍ അസോസിയേഷനുകള്‍

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസിജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷ കേസില്‍ പ്രതിയാക്കിയ അഡ്വ. സഫര്‍ അലിക്ക് ഇടക്കാല ജാമ്യമില്ല. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ കോടതി തള്ളി. അതേസമയം, റെഗുലര്‍ ജാമ്യം അനുവദിക്കണമെന്ന ഹരജി ഏപ്രില്‍ രണ്ടിന് അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ രാജ് പരിഗണിക്കും. 2024 നവംബര്‍ 24ന് രാവിലെ ഒമ്പതിന് മസ്ജിദിന് സമീപം അക്രമം നടന്നെന്നാണ് പോലിസ് പറയുന്നതെന്ന് സഫര്‍ അലിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആസിഫ് അഖ്തര്‍ വാദിച്ചു.

പോലിസ് ആദ്യം തയ്യാറാക്കിയ എഫ്‌ഐആറുകളില്‍ സഫര്‍ അലിയെ കുറിച്ച് പരാമര്‍ശമില്ല. ഈ മാസമാണ് സഫര്‍ അലിയെ കേസില്‍ പ്രതിയാക്കിയത്. ഇത്രയും ഗൗരവമുള്ള കേസില്‍ പ്രതി ചേര്‍ക്കുന്നത് വൈകാന്‍ എന്താണ് കാരണം?. സംഭല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നതിന് മുമ്പത്തെ ദിവസമാണ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബര്‍ 25ന് സഫര്‍ അലി വാര്‍ത്താസമ്മേളനം നടത്തിയെന്നാണ് പോലിസ് പറയുന്നത്. പോലിസ് ചെയ്ത തെറ്റായ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. അത് വ്യാജ തെളിവുണ്ടാക്കലിന്റെ പരിധിയില്‍ വരില്ല. ജയിലില്‍ കഴിയുന്ന സഫര്‍ അലിയെ മൊഴി മാറ്റാന്‍ അധികൃതര്‍ സമ്മര്‍ദ്ദപ്പെടുത്തുകയാണ്. മൊഴി മാറാന്‍ പോലിസ് സമ്മര്‍ദ്ദപ്പെടുത്തുകയാണ്. ഏഴുപതുകാരനായ സഫര്‍ അലി ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണ്. ജയിലില്‍ ജീവ്‌ന് ഭീഷണിയുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ പോലിസ് എതിര്‍ത്തു. മസ്ജിദില്‍ സര്‍വേ നടക്കുന്ന ദിവസം ആളെക്കൂട്ടിയതും അക്രമത്തിന് പ്രകോപനമുണ്ടാക്കിയതും പൊതുസ്വത്ത് നശിപ്പിക്കാന്‍ പ്രേരിപ്പിച്ചതും സഫര്‍ അലിയാണെന്ന് പോലിസ് വാദിച്ചു. തുടര്‍ന്നാണ് ഇടക്കാല ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചത്. എന്നാല്‍, റെഗുലര്‍ ജാമ്യത്തിന്റെ അപേക്ഷ വന്നപ്പോള്‍ അത് മാറ്റിവക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു. കേസ് ഡയറി ഇല്ലെന്നായിരുന്നു വാദം.

അതേസമയം, സഫര്‍ അലിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബാര്‍ അസോസിയേഷന്റെയും സിവില്‍ കോര്‍ട്ട് ബാര്‍ അസോസിയേഷന്റെയും ടാക്‌സ് ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ വിവിധ കോടതികളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സഫര്‍ അലിയെ ജയിലില്‍ പോയി കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ലെന്ന് അഡ്വ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Similar News