സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

Update: 2021-02-26 01:50 GMT

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും ഇക്കാര്യത്തിലെ ജുഡീഷ്യല്‍ ഇടപെടല്‍ വ്യക്തിപരമായ നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂര്‍ണമായും നശിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹിന്ദു വിവാഹ നിയമത്തിനും (എച്ച്എംഎ) പ്രത്യേക വിവാഹ നിയമത്തിനും (എസ്എംഎ) കീഴില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തുല്യാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്കു മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

    ഇന്ത്യയില്‍ വിവാഹം രണ്ട് വ്യക്തികളുടെ ഒത്തുചേരല്‍ മാത്രമല്ല, പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു ബന്ധമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു ഭര്‍ത്താവിനെ ഒരു ജൈവിക പുരുഷനായും ഭാര്യയെ ഒരു ജൈവിക സ്ത്രീയായും പരിഗണിക്കുന്നതിനപ്പുറമുഴ്‌ഴ ഏത് വ്യാഖ്യാനവും എല്ലാ നിയമപരമായ വ്യവസ്ഥകളും പ്രാവര്‍ത്തികമാക്കില്ല. ഒരു പ്രത്യേക പെരുമാറ്റത്തെ അത് നിയമാനുസൃതമാക്കില്ലെന്നു സുപ്രിംകോടതി വിധിയെ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. വിവാഹം എന്നത് അടിസ്ഥാനപരമായി രണ്ട് വ്യക്തികളുടെ സാമൂഹിക അംഗീകാരമുള്ള കൂടിച്ചേരലാണ്. അത് ക്രമീകരിക്കാത്ത വ്യക്തിഗത നിയമങ്ങള്‍ വഴി നിയന്ത്രിക്കപ്പെടുന്നു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം ഏതെങ്കിലും വ്യക്തിഗത നിയമങ്ങളിലോ സ്റ്റാറ്റിയൂട്ടറി നിയമങ്ങളിലോ അംഗീകരിക്കുന്നില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്നതിലൂടെ അത്തരമൊരു ബന്ധം ഔപചാരികമാക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യം അടിസ്ഥാനപരമായി നിയമനിര്‍മാണ സഭകളാണ് തീരുമാനിക്കേണ്ടത്. ഇത് ഒരിക്കലും ജുഡീഷ്യല്‍ വിധിന്യായത്തിന്റെ വിഷയമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

    നേരത്തെ സമര്‍പ്പിച്ച സമാനമായ നിവേദനത്തിന് മറുപടിയായി ഡല്‍ഹി സര്‍ക്കാര്‍ രണ്ട് സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഹിന്ദു വിവാഹ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കോടതിയുടെ നിര്‍ദേശം പാലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു കാണിച്ച് രണ്ട് സ്ത്രീകള്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഡല്‍ഹി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സുപ്രിംകോടതി നിര്‍ദേശിച്ചിട്ടും സ്വവര്‍ഗ ദമ്പതികള്‍ തമ്മിലുള്ള വിവാഹം സാധ്യമാവുന്നില്ലെന്ന് മിത്രയും മറ്റ് മൂന്ന് തുല്യാവകാശ പ്രവര്‍ത്തകരായ ഗോപി ശങ്കര്‍ എം, ഗിതി തദാനി, ജിര്‍വാസിയും വാദിച്ചു.

    ഇതിന് മറുപടിയായി കേന്ദ്രം നവ്‌തേജ് സിങ് ജോഹര്‍ കേസിലെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിച്ചത്. ഒരു പ്രത്യേക മാനുഷിക പെരുമാറ്റത്തെ ശിക്ഷാര്‍ഹമായ കുറ്റമെന്ന് വിധിച്ചെന്ന് മാത്രമല്ല, ഇത് യഥാര്‍ത്ഥത്തില്‍ നിയമവിധേയമാക്കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വിവാഹം എന്നത് രണ്ട് വ്യക്തികളുടെ ഐക്യത്തിന്റെ വിഷയമല്ല, മറിച്ച് ഒരു ജൈവിക പുരുഷനും ഒരു ജൈവിക സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണ്. ഇന്ത്യന്‍ പീനല്‍ കോഡിലെ 377ാം വകുപ്പില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സ്വവര്‍ഗ വിവാഹം രാജ്യത്തിന്റെ നിയമപ്രകാരം അംഗീകരിക്കപ്പെടാനുള്ള മൗലികാവകാശമാണെന്ന് അപേക്ഷകര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

    വിവിധ മത സമുദായങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങള്‍ / കോഡിഫൈഡ് നിയമങ്ങളാണ് രാജ്യത്തെ വിവാഹ നിയമങ്ങളെ നിയന്ത്രിക്കുന്നത്. അത് ഒരു പുരുഷന്റെയും സ്ത്രീയുടെയും കൂടിച്ചേരലിനെ മതപരമായ അനുമതിക്ക് പ്രാപ്തരാക്കുകയാണ്. അതുവഴി നിയമപരമായ അനുമതിയാണ് ലഭിക്കുന്നത്. 'ഇതുമായി ബന്ധപ്പെട്ട ജുഡീഷ്യറിയുടെ ഏത് ഇടപെടലും രാജ്യത്തെ വ്യക്തിഗത നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂര്‍ണമായും തകര്‍ക്കുമെന്നും കേന്ദ്രം അറിയിച്ചു. നിരവധി നിയമപരമായ അവകാശങ്ങളും ബാധ്യതകളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിവാഹമെന്ന ആശയം വ്യക്തികളുടെ സ്വകാര്യതയാണെന്ന അപേക്ഷകരുടെ വാദത്തെയും കേന്ദ്രം എതിര്‍ത്തു.

Same-Sex Marriage Not A "Fundamental Right", Centre Tells Delhi Court

Tags:    

Similar News