'' രണ്ട് കേസുകളിലെ തെളിവ് ഒരു തോക്ക്''; 'ഏറ്റുമുട്ടലിന്' ശേഷം യുപി പോലിസ് പിടികൂടിയ രണ്ടുപേരെ വെറുതെവിട്ടു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കിയ രണ്ടുപേരെ കോടതി വെറുതെവിട്ടു. 2020ല്‍ 'ഏറ്റുമുട്ടലിനൊടുവില്‍' പിടികൂടിയ അമിത് സിങ്, കുന്ദന്‍ സിങ് എന്നിവരെയാണ് വെറുതെവിട്ടിരിക്കുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്തു എന്നു പറയുന്ന നാടന്‍ തോക്ക് 2007ല്‍ മറ്റൊരു കേസിലെ പോലിസിന്റെ തെളിവായിരുന്നു എന്ന് കാണ്‍പൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനയ് സിങ് പറഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കണം.
2020 ഒക്ടോബര്‍ 21ന് മറിയംപൂര്‍ ക്രോസിംഗില്‍ വാഹന പരിശോധന നടത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ പോലിസിനെ വെടിവച്ച് രക്ഷപ്പെട്ടെന്നും ജീപ്പില്‍ പിന്തുടര്‍ന്ന് തിരിച്ചു വെടിവച്ച് അവരെ പിടികൂടിയെന്നുമായിരുന്നു കേസ്. ഇരുവരുടെയും കാലുകളിലാണ് വെടിയേറ്റിരുന്നത്. ഇവരില്‍ നിന്ന് രണ്ട് നാടന്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തെന്നും പോലിസ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍, വിചാരണ വന്നപ്പോള്‍ പോലിസിന്റെ കഥ പൊളിഞ്ഞു. അമിത് സിങില്‍ നിന്നും പിടിച്ചെടുത്തു എന്നു പറയുന്ന തോക്ക് 2007ലെ മറ്റൊരു കേസിലെ തെളിവായിരുന്നു എന്നെന്നും 2014ല്‍ അത് കോടതിയില്‍ ഹാജരാക്കിയതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഈ നാടന്‍ തോക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള ചില അടയാളങ്ങളാണ് നിര്‍ണായകമായത്. ഋഷഭ് ശ്രീവാസ്തവ എന്നയാളില്‍ നിന്നാണ് 2007ല്‍ ഈ തോക്ക് പിടിച്ചെടുത്തിരുന്നത്. എന്നാല്‍, 2018ല്‍ ഋഷഭിനെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു.