
വാസോ(പോളണ്ട്): യുക്തിവാദി സനല്‍ ഇടമറുക് അറസ്റ്റില്‍. നിലവില്‍ ഫിന്‍ലാന്‍ഡില്‍ താമസിക്കുന്ന സനല്‍ ഇടമറുകിനെ പോളണ്ടിലെ വാസോയിലെ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. ഫിന്‍ലാന്‍ഡ് വിസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ കേരള പോലിസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ സനലിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സനല്‍ ഇടമറുകിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്‌തെന്ന് ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
1990കളില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കാംപയിന്‍ നടത്തിയിരുന്ന സനല്‍ ഇടമറുക് ക്രിസ്ത്യന്‍ സഭകളുടെ കണ്ണിലെ കരടായിരുന്നു. യേശുക്രിസ്തുവിന്റെ പ്രതിമയില്‍ നിന്ന് രക്തം വന്നുവെന്ന 2012ലെ ഒരു പ്രചാരണത്തെ തുറന്നുകാട്ടിയത് സനലായിരുന്നു. പ്രതിമയുടെ പുറകിലെ മാലിന്യ പൈപ്പിലെ വെള്ളമാണ് ഇതെന്നാണ് സനല്‍ പറഞ്ഞത്. ഇതോടെ നിരവധി കേസുകള്‍ വന്നതിനാല്‍ ഇന്ത്യ വിടേണ്ടി വന്നു. ഫിന്‍ലാന്‍ഡ് വിസ നല്‍കാമെന്ന് പറഞ്ഞ് പ്രമീള ദേവി എന്ന സ്ത്രീയില്‍ നിന്നും 2015-16 കാലയളവില്‍ 15 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. പ്രശസ്ത യുക്തിവാദി ജോസഫ് ഇടമറുകിന്റെ മകനാണ് സനല്‍.