രാഷ്ട്രപതി ഭവനിലെ ശുചിത്വ തൊഴിലാളിയുടെ ബന്ധുവിന് കൊറോണ; നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് മൂലം മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങില്‍ യുവതിയും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഇവരെ പിന്നീട് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ശുചിത്വ തൊഴിലാളിയുടെ ബന്ധുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കെട്ടിട സമുച്ചയത്തിലെ നൂറോളം ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്തു. ഗേറ്റ് നമ്പര്‍ 70 ക്ക് സമീപം താമസിക്കുന്ന 125 കുടുംബങ്ങളോട് ഐസൊലേഷനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം സ്ഥിരീകരിച്ച യുവതി, രാഷ്ട്രപതി ഭവനിലെ ജീവനക്കാരിയല്ല. എന്നാല്‍ രാഷ്ട്രപതി ഭവനിലെ ജീവനക്കാരിയുടെ മരുമകളായ യുവതി അതേ കെട്ടിട സമുച്ചയത്തിലാണ് താമസിക്കുന്നത്.
കൊറോണ വൈറസ് മൂലം മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങില്‍ യുവതിയും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഇവരെ പിന്നീട് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.പരിശോധനയില്‍ കുടുംബാംഗങ്ങള്‍ക്ക് വൈറസ് ഇല്ലെന്നും കണ്ടെത്തി. എന്നാല്‍ തിങ്കളാഴ്ച്ച യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. കുടുംബവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും വൈറസ് പിടിപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍ ഇതുവരെ 2081 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 47 പേര്‍ മരിച്ചു.