യുവതിയെ വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തി; ഖാപ് പഞ്ചായത്തിനെതിരേ നടപടി ആവശ്യപ്പെട്ട് സാന്‍സി സമുദായം

രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ട് സാന്‍സി സമുദായം ജില്ലാ പോലിസ് സൂപ്രണ്ടിന് ഹരജി നല്‍കിയത്.

Update: 2020-09-03 19:08 GMT

ജയ്പൂര്‍: ബന്ധുവായ യുവാവുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തില്‍ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സാന്‍സി സമുദായം. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ട് സാന്‍സി സമുദായം ജില്ലാ പോലിസ് സൂപ്രണ്ടിന് ഹരജി നല്‍കിയത്.

യുവതിക്കും ആരോപണവിധേയനായ യുവതിയുടെ അനന്തിരവനായ പുരുഷനും 51000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് ഖാപ് പഞ്ചായത്ത് യുവതിയെ ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിച്ചത്.

യുവതിയെ വിവസ്ത്രയാക്കി നടത്തിച്ച സംഭവത്തില്‍ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ മറുപടി പറയണമെന്നും ഉത്തരവ് പുറപ്പെടുവിച്ച 10 ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സാന്‍സി നേതാവ് സവായ് സിങ് വ്യക്തമാക്കി. യുവതി തെറ്റുകാരിയാണെങ്കില്‍ തന്നെ ഇത്തരത്തിലാണോ ശിക്ഷ വിധിക്കേണ്ടതെന്നും സവായ് സിങ് ചോദിച്ചു.

കൊവിഡ് രോഗഭീതി നിലനില്‍ക്കുന്നതിനിടെയാണ് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഖാപ് പഞ്ചായത്ത് നേതാക്കള്‍ ഈ പ്രാകൃതമായ ശിക്ഷാവിധി നടപ്പാക്കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയുള്ള പരാതിയിന്മേല്‍ കേസെടുത്തതായി ലക്ഷ്മിഗഢ് പോലിസ് സൂപ്രണ്ട് ദേവേന്ദ്ര ശര്‍മ്മ അറിയിച്ചു.

Tags:    

Similar News