പനി ബാധിച്ച് മരിച്ച കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു
മുന്‍കരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു
കണ്ണൂര്‍: മലയോര മേഖലയായ ആറളത്ത് പനി ബാധിച്ച് അഞ്ചു മരിച്ച വയസ്സുകാരിയുടെ സ്രവം പരിശോധനക്ക് അയച്ചു. ആറളം കീഴ്പ്പള്ളിയിലെ കമ്പത്തില്‍ രഞ്ജിത്ത്-സുനിത ദമ്പതികളുടെ മകള്‍ അഞ്ജനയാണ് ഇന്നലെ രാത്രി മരിച്ചത്. കൊവിഡ് വൈറസ് ബാധ കാരണമാണോ മരണമെന്ന് അറിയാനാണു സ്രവം പരിശോധനയ്ക്കയക്കുന്നത്. കുട്ടിക്ക് വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മുന്‍കരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. കടുത്ത പനി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ സംസ്‌കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കൂ എന്നും പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.