ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നത് സൗദിയുടെ പരിഗണനയില്‍

ഇസ്രായേലിന്റെ പ്രതിരോധ സാങ്കേതിക കമ്പനിയായ റാഫേല്‍ നിര്‍മിച്ച അയണ്‍ ഡോം, ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) നിര്‍മ്മിക്കുന്ന ബരാക് ഇആര്‍ എന്നീ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് റിയാദിന്റെ പരിഗണനയിലുള്ളത്.

Update: 2021-09-18 14:55 GMT

റിയാദ്: മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള സാധ്യത ആരാഞ്ഞ് സൗദി അറേബ്യ ഇസ്രായേലിനെ സമീപിച്ചതായി റിപോര്‍ട്ട്. ട്രേഡ്‌സ്-പെസിഫിക് ന്യൂസ് ആന്റ് അനാലിസിസ് മാഗസിനാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രായേലിന്റെ പ്രതിരോധ സാങ്കേതിക കമ്പനിയായ റാഫേല്‍ നിര്‍മിച്ച അയണ്‍ ഡോം, ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) നിര്‍മ്മിക്കുന്ന ബരാക് ഇആര്‍ എന്നീ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് റിയാദിന്റെ പരിഗണനയിലുള്ളത്.

വാഷിങ്ടണില്‍ നിന്ന് ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും അംഗീകാരം ലഭിച്ചാല്‍ അത്തരമൊരു കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ മാസികയോട് പറഞ്ഞു. 'ഇസ്രായേലി സംവിധാനങ്ങളോടുള്ള സൗദി അറേബ്യയുടെ താല്‍പര്യം പ്രായോഗിക ഘട്ടത്തില്‍ എത്തിയതായി' ഒരു ഉറവിടം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സംവിധാനം സംബന്ധിച്ച് റിയാദ് ടെല്‍അവീവുമായി വര്‍ഷങ്ങളായി താഴ്ന്ന തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അതേ സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സൗദിയില്‍നിന്നു നീക്കം ചെയ്യുമെന്ന് വ്യക്തമായതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലായിട്ടുണ്ട്. റിയാദിന് പുറത്ത് സ്ഥിതിചെയ്യുന്ന പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ നിന്ന് വാഷിങ്ടണ്‍ ഇരുചെവി അറിയാതെ അമേരിക്കന്‍ താഡ്,

പാട്രിയറ്റ് ബാറ്ററികള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. 2019ല്‍ സൗദി എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കു നേരെ യമനിലെ ഹൂഥി വിമതര്‍ ആക്രമണം നടത്തിയതോടെയാണ് ഈ ബാറ്ററികള്‍ രാജ്യത്ത് വിന്യസിച്ചത്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ മധ്യ, ദീര്‍ഘ ദൂര മിസൈലുകള്‍ തൊടുത്തിരുന്നു.

ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ഇടപാടിന് വാഷിങ്ടണ്‍ തടസ്സമാകാന്‍ സാധ്യതയില്ല. തീര്‍ച്ചയായും, ഇസ്രയേല്‍ നിര്‍മ്മിത ആയുധങ്ങള്‍ റിയാദ് വാങ്ങുന്നത് അബ്രഹാം കരാറിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പ് അധിനിവേശ രാജ്യവുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ അറബ് രാജ്യങ്ങളുമായുള്ള ആയുധ വില്‍പ്പന ത്വരിതപ്പെടുത്തുമെന്നാണ് കരുതുന്നത്. ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള മിസൈല്‍ പ്രതിരോധത്തിനുള്ള മറ്റ് ഓപ്ഷനുകളും റിയാദ് പരിഗണിക്കുന്നതായി പറയപ്പെടുന്നു.

Tags:    

Similar News