എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് സൗദി അറേബ്യ

Update: 2022-03-06 01:35 GMT

റിയാദ്: തുറസ്സായ സ്ഥലങ്ങളിലെ മാസ്‌ക്, ക്വാറന്റൈന്‍, പിസിആര്‍ ഉള്‍പ്പെടെ എല്ലാ കൊവിഡ് നിബന്ധനകളും സൗദി അറേബ്യ പിന്‍വലിച്ചു. മക്ക മദീന ഹറമിലേക്ക് നമസ്‌കാരത്തിന് പ്രവേശിക്കാന്‍ അനുമതി പത്രം വേണമെന്ന നിബന്ധനയും പിന്‍വലിച്ചു. പള്ളികളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കച്ചവട സ്ഥാപനങ്ങളടക്കം എല്ലാ പഴയ പോലെ പ്രവര്‍ത്തിക്കാം.

രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍, പിസിആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമില്ല. എന്നാല്‍ സന്ദര്‍ശക വിസകളില്‍ വരുന്നവരെല്ലാം കൊവിഡ് ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം. 90 റിയാല്‍ മുതലാണ് കൊവിഡ് ഇന്‍ഷൂറന്‍സ് തുക. സന്ദര്‍ശന വിസക്കുള്ള ഇന്‍ഷൂറന്‍സും തുടരും. ലക്ഷത്തോളം രൂപ മുടക്കിയാണ് പ്രവാസികള്‍ നിലവില്‍ സൗദിയിലേക്ക് എത്തിയിരുന്നത്. കുടുംബങ്ങളും ക്വാറന്റൈന്‍ പാക്കേജ് കാരണം യാത്ര മാറ്റിയിരുന്നു. പുതിയ പ്രഖ്യാപനം വിപണിയുണര്‍ത്തും.

സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ക്ക് പ്രസ്തുത വിലക്ക് ഒഴിവാക്കി. ഒമിക്രോണ്‍ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു യാത്രാ വിലക്ക് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇനിയാര്‍ക്കും കൊവിഡിന്റെ പേരില്‍ യാത്രാ വിലക്കില്ല.

മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി, മറ്റു പള്ളികള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്ത് എല്ലായിടത്തും സാമൂഹിക അകലം ഇനി പാലിക്കേണ്ടതില്ല.

വായു സഞ്ചാരമുള്ള തുറന്ന സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. അതേസമയം കച്ചവട സ്ഥാപനങ്ങളില്‍, അടച്ചിട്ട വാഹനങ്ങളില്‍, ജോലി സ്ഥലങ്ങളില്‍ എന്നിടത്തെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.

മക്ക മദീന ഹറമുകളില്‍ നമസ്‌കാരത്തിന് പെര്‍മിറ്റ് ഇനി വേണ്ട. പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം. ഉംറക്ക് പെര്‍മിറ്റ് രീതി തുടരും. അഞ്ച് വയസ്സിന് മുകളിലുളള കുഞ്ഞുങ്ങള്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസുണ്ടെങ്കില്‍ ഉംറ ചെയ്യാം. ഹറമില്‍ നമസ്‌കാരത്തില്‍ പാലിക്കുന്ന ശാരീരിക അകലവും ഒഴിവാക്കി. ഇന്ന് മുതലുള്ള എല്ലാ നമസ്‌കാരങ്ങളിലും പുതിയ രീതി ബാധകമാണ്. മദീനയില്‍ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്കുള്ള പ്രവേശനത്തിനും പെര്‍മിറ്റ് വേണ്ട.

Tags:    

Similar News