'ദ ലൈന്‍' നഗരത്തിന്റെ ഡിസൈന്‍ സൗദി കിരീടാവകാശി പുറത്തുവിട്ടു

Update: 2022-07-28 01:40 GMT

റിയാദ്: നിയോമില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വിസ്മയകരമായ നഗര-പാര്‍പ്പിട പദ്ധതിയായ 'ദ ലൈന്‍' നഗരത്തിന്റെ ഡിസൈന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിദ്ദയില്‍ പുറത്തുവിട്ടു. ലോകം ഉറ്റുനോക്കുന്ന ഒരു നാഗരിക വിപ്ലവമാണ് 'ദ ലൈന്‍' നഗരത്തിലൂടെ സാധ്യമാക്കാന്‍ സൗദിയൊരുങ്ങുന്നത്. നഗരവികസനത്തിന്റെ ആശയത്തെയും ഭാവിയിലെ നഗരങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെയും പുനര്‍നിര്‍വചിക്കുന്ന 'ദ ലൈനി'ന്റെ പ്രാരംഭ ആശയവും കാഴ്ചപ്പാടും കിരീടാവകാശി ആദ്യമായി അവതരിപ്പിച്ചത് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ്. തിങ്കളാഴ് രാത്രി അതിന്റെ പൂര്‍ണമായ ഡിസൈന്‍ പ്രഖ്യാപിച്ചു.

സൗദി അറേബ്യയുടെ വടക്കേ അതിര്‍ത്തിയില്‍ ചെങ്കടല്‍ തീരത്താണ് നിയോം പദ്ധതി. അതിനുള്ളില്‍ 200 മീറ്റര്‍ വീതിയില്‍ 170 കിലോമീറ്റര്‍ നീളത്തില്‍ കടല്‍നിരപ്പില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തില്‍ ലംബമായ (ഒറ്റ നേര്‍രേഖയില്‍) ആകൃതിയിലാണ് ദ ലൈന്‍ നഗര പാര്‍പ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാല്‍ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റര്‍ നീളത്തില്‍, 488 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകള്‍ പ്രതിഫലിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേര്‍രേഖയില്‍ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികള്‍ക്കുള്ളില്‍ രണ്ട് വരികളിലായി വീടുകള്‍ നിര്‍മിക്കപ്പെടും. 170 കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ വീതിക്കുള്ളില്‍ ഇരുവശങ്ങളിലായി ഉയരുന്ന വീടുകളില്‍ 90 ലക്ഷം ആളുകള്‍ക്ക് സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉള്‍ക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്ഭുതപ്പെടുത്തുന്നതായി മാറും.

നഗരത്തിനുള്ളില്‍ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളില്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇത്രയും സമയത്തിനുള്ളില്‍ എത്തിച്ചേരാനാവും വിധം പൊതു പാര്‍ക്കുകള്‍, കാല്‍നടയാത്രക്കുള്ള ഭാഗങ്ങള്‍, സ്‌കൂളുകള്‍, ജോലി സ്ഥലങ്ങള്‍, വീടുകള്‍ എന്നിവ ക്രമീകരിക്കും.

Tags:    

Similar News