ഹറമില്‍ തറാവീഹ് നമസ്‌കാരം നടക്കും; റകഅത്തുകള്‍ പകുതിയാക്കി -നോമ്പുതുറ വിഭവങ്ങള്‍ വീടുകളിലെത്തിക്കും
റമദാനിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുകയാണ്. ജീവനക്കാരെ ശരീര താപനില നോക്കിയതിന് ശേഷമാണ് പ്രവേശിപ്പിക്കുന്നത്.
ജിദ്ദ: കൊവിഡ് 19 പശ്ചാതലത്തില്‍ സൗദിയില്‍ റമദാനിലെ തറാവീഹ് നമസ്‌കാരം കടുത്ത നിയന്ത്രണങ്ങളോടെ നടത്തും. ഹറം ജീവനക്കാരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ് നടത്തുക. റകഅത്തുകളുടെ എണ്ണം പകുതിയാക്കി കുറച്ച് പത്താക്കി. നേരത്തെ ഹറമുകളില്‍ തറാവീഹ് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. റകഅത്തുകളും ഖുനൂത്തും ചുരുക്കിയാണ് തറാവീഹ്, വിത്ത്‌റ് നമസ്‌കാരങ്ങള്‍ നടക്കുക. ഹറമില്‍ ഇഅ്തികാഫും ഉംറയും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേ നിര്‍ത്തിവച്ചിട്ടുണ്ട്.
അതേസമയം, റമദാനിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുകയാണ്. ജീവനക്കാരെ ശരീര താപനില നോക്കിയതിന് ശേഷമാണ് പ്രവേശിപ്പിക്കുന്നത്. റമദാനില്‍ നടക്കാറുള്ള പൊതു നോമ്പുതുറയും ഇത്തവണ ഹറം മുറ്റത്തുണ്ടാകില്ല. പകരം നൂറുകണക്കിന് കമ്പനികള്‍ ഹറമിനായി സംഭാവനയും സ്‌പോണ്‍സുറും ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ മക്കയിലേയും മദീനയിലേയും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുക. ഇരു ഹറം കാര്യാലയ പ്രസിഡണ്ടായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസാണ് തറാവീഹ് സംബന്ധിച്ച വിവരങ്ങളറിയിച്ചത്. വിശ്വാസികള്‍ക്ക് പ്രവേശനം റദ്ദാക്കിയ ശേഷവും ഇരു ഹറമുകളിലും ജീവനക്കാരേയും ഉദ്യേഗസ്ഥരേയും വെച്ച് ജുമുഅ നമസ്‌കാരവും തുടരുന്നുണ്ട്.