മുംബൈ സൗദി കോണ്‍സുലേറ്റ് വ്യാഴാഴ്ച തുറക്കും; റീ എന്‍ട്രി പുതുക്കാനും ആരോഗ്യമേഖലയിലെ വിസ സ്റ്റാമ്പ് ചെയ്യാനും അവസരം

കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളും കൊവിഡ് മുന്‍കരുതല്‍ നടപടികളും ഉള്‍പ്പടേയുള്ള അറിയിപ്പ് ഇന്നലെ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് ലഭിച്ചു.

Update: 2020-07-01 03:18 GMT

റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച മുംബൈ സൗദി കോണ്‍സുലേറ്റ് വ്യാഴാഴ്ച തുറക്കും. ആദ്യഘട്ടത്തില്‍ സൗദിയിലെ ആരോഗ്യമേഖലയിലേക്ക് അനുവദിച്ച പുതിയ വിസകളും സ്റ്റാമ്പ് ചെയ്യാനും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ റീ എന്‍ട്രി പുതുക്കാനുമാണ് അവസരം.

കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളും കൊവിഡ് മുന്‍കരുതല്‍ നടപടികളും ഉള്‍പ്പടേയുള്ള അറിയിപ്പ് ഇന്നലെ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ക്ക് കോണ്‍സുലേറ്റില്‍നിന്ന് ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സ്റ്റാമ്പ് ചെയ്ത് മൂന്നു മാസത്തിനകം സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ വിസകള്‍ കാന്‍സല്‍ ചെയ്യാനും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആശ്രിതരുടെ റീ എന്‍ട്രികളും പുതുക്കി സ്റ്റാമ്പ് ചെയ്യാനും സാധിക്കും.


സൗദി അറേബ്യയിലെ തൊഴിലുടമകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി റീ എന്‍ട്രി ദീര്‍ഘിപ്പിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ എക്‌സിറ്റ്-റീ എന്‍ട്രി എക്സ്റ്റന്‍ഷന്‍ സ്റ്റാമ്പ് ചെയ്യുന്ന ജോലികളും പുനരാരംഭിക്കും.

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി നിശ്ചിത ദിവസങ്ങളിലാണ് ഏജന്‍സി ഓഫിസ് ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടുകളുമായി കോണ്‍സുലേറ്റില്‍ എത്തേണ്ടത്. കൊവിഡ് പശ്ചാതലത്തില്‍ ഓഫിസില്‍ എത്തുന്നവര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഓഫിസ് പ്രതിനിധികള്‍ മാസ്‌കും ഗ്ലൗസും ധരിച്ചായിരിക്കണം എത്തേണ്ടത്. സാമൂഹിക അകലം പാലിക്കുകയും പാസ്‌പോര്‍ട്ടും മറ്റു രേഖകളും കോണ്‍സുലേറ്റില്‍ കൈമാറുന്നതിന് മുന്‍പ് സാനിറ്റൈസ് ചെയ്യണം. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഓഫിസില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ട് സ്വീകരിക്കില്ലെന്നും ഓഫിസിനെതിരേ നടപടിയെടുക്കുമെന്നും കോണ്‍സുലേറ്റ് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി. 

Tags:    

Similar News