സൗദിയില്‍ തൊഴില്‍ കരാര്‍ 60 ദിവസത്തില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 'ഹുറൂബ്' ആവും

റിയാദ്: തൊഴില്‍ കരാറില്ലാതെ 60 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന പ്രവാസികള്‍ക്ക് തൊഴിലിടത്തില്‍ നിന്ന് ഒളിച്ചോട്ടം (ഹുറൂബ്) കേസ് ബാധകമാകും. തൊഴില്‍ നഷ്ടമാവുകയോ, സ്വയം രാജിവയ്ക്കുകയോ, തൊഴിലുടമ നിയമപരമായി ജോലിയില്‍ നിന്നും ഒഴിവാക്കുകയോ ചെയ്തവരുടെ തൊഴില്‍ കരാര്‍ ഖിവ പോര്‍ട്ടലില്‍ റദ്ദ് ചെയ്ത് 60 ദിവസത്തിനകം പുതിയ തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്നില്ലെങ്കിലോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്തില്ലെങ്കില്‍ ഹുറൂബില്‍ ഉള്‍പ്പെടും.
ഖിവ പോര്‍ട്ടലില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയവര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ പുതിയ തൊഴില്‍ കണ്ടെത്തുകയോ ചെയ്താല്‍ മാത്രം പോരാ, 60 ദിവസത്തിനുള്ളില്‍ പുതിയ കരാര്‍ ഖിവ പോര്‍ട്ടലില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയവരാണെങ്കിലും പുതിയ സ്‌പോണ്‍സര്‍ക്കൊപ്പം പുതിയ തൊഴില്‍ ആരംഭിച്ചുവെങ്കിലും 60 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തൊഴില്‍ കരാര്‍ ഖിവ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. അല്ലാത്തവര്‍ 60 ദിവസം പിന്നിട്ടു കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി ഹുറൂബ് ആവും. ഇതോടെ പിടിച്ചു നാടുകടത്തും.