പ്രവാസികളുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതല്‍ സര്‍വീസില്ലെന്ന് സൗദിയ

Update: 2021-04-20 17:31 GMT

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ വീണ്ടും തിരിച്ചടി. മെയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെങ്കിലും പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ വ്യക്തമാക്കി. ഇതോടെ മലയാളിരള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേറ്റു. സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം അറിയിച്ചത്. മെയ് 19 മുതല്‍ യാത്രാവിലക്ക് ഒഴിവാക്കുമെന്നത് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി തിരിച്ചുപോവാനാവാത്തവര്‍ക്കു ആശ്വാസമാവുമെന്നാണ് കരുതിയതെങ്കിലും നിരാശയുണ്ടാക്കുന്നതാണ് പുതിയ അറിയിപ്പ്.

    അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17ന് പുലര്‍ച്ചെ ഒന്നുമുതല്‍ ഒഴിവാക്കുന്നത് കൊവിഡ് വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ബാധകമല്ലെന്നാണ് സൗദിയ അറിയിച്ചിട്ടുള്ളത്. കൊറോണ വ്യാപനം രൂക്ഷമായ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നത് ഫെബ്രുവരി മൂന്നുമുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ഇന്ത്യ, അര്‍ജന്റീന, യുഎഇ, ജര്‍മനി, അമേരിക്ക, ഇന്തോനേസ്യ, അയര്‍ലന്റ്, ഇറ്റലി, പാക്കിസ്താന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള സൗദി പൗരന്‍മാാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമല്ല. സൗദിയില്‍ പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളിലൂടെ കടന്നുപോയ മറ്റു രാജ്യക്കാര്‍ക്കും പ്രവേശന വിലക്ക് ബാധകമാക്കിയിരുന്നു.

    കൊവിഡ് വാക്‌സിന്‍ ശേഖരം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് 17ലേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ജനുവരി 29ന് അറിയിച്ചിരുന്നു. മാര്‍ച്ച് 31 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് മെയ് 17 ലേക്ക് മാറ്റി. മെയ് 17 തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കര- വ്യോമ-നാവിക അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കുകയും സൗദി പൗരന്മാര്‍ക്ക് വിദേശയാത്രാനുമതി നല്‍കുകയും ചെയ്യും.

Saudiya says no service to countries including India from May 17

Tags:    

Similar News