'സംപൂര്‍ണന്‍, സ്വാതന്ത്ര്യസമരപ്പോരാളി, ദലിത് അവകാശപ്പോരാട്ട നായകന്‍'; സവര്‍ക്കറെ പ്രശംസകൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവ്
അസ്പൃശ്യരായിരുന്ന ദലിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ച നേതാവുമാണ് സവര്‍ക്കറെന്ന് രാജ്യസഭാംഗമായ മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: ഹിന്ദുസംഘടനാ നേതാവ് സവര്‍ക്കറെ പ്രശംസകൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. സംപൂര്‍ണനായ മനുഷ്യനാണ് വീര്‍ സവര്‍ക്കര്‍. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അനിഷേധ്യമായ പങ്കുവഹിച്ച വ്യക്തിയാണ്. ദലിത് അവകാശപ്പോരാട്ട നായകനാണ് അദ്ദേഹം. അസ്പൃശ്യരായിരുന്ന ദലിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ച നേതാവുമാണ് സവര്‍ക്കറെന്ന് രാജ്യസഭാംഗമായ മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കണമെന്ന ബിജെപി മഹാരാഷ്ട്ര ഘടകത്തിന്റെ നിര്‍ദേശത്തിനിതിരേ കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സവര്‍ക്കരെ പുകഴ്ത്തി സിങ്‌വിയുടെ മുന്നോട്ട് വന്നത്. വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ല. അതിന്റെ അനുയായിയുമല്ല. എന്നുവെച്ച് സ്വാതന്ത്ര്യസമരത്തിലും ദലിത് പോരാട്ടങ്ങളിലും സവര്‍ക്കര്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ലെന്ന് സിങ്‌വി പറഞ്ഞു.ഒരിക്കലും മറക്കരുത് എന്ന ഹാഷ്ടാഗോടെയാണ് സിങ്‌വിയുടെ ട്വീറ്റ്.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബിജെപി മഹാരാഷ്ട്ര സംസ്ഥാന നേതൃത്വം ഒക്ടോബര്‍ 21ന് പുറത്തിറക്കിയ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സവര്‍ക്കറിനെയല്ല, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.