സവര്‍ക്കറുടെ ജന്‍മദിനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആയുധ വിതരണം
ആഗ്രയിലെ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കത്തികള്‍ വിതരണം ചെയ്തത്. കത്തികള്‍ക്കൊപ്പം ഭഗവത് ഗീതയുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.
ആഗ്ര: ഗാന്ധി വധത്തില്‍ പങ്കുണ്ടെന്നാരോപിക്കപ്പെടുന്ന ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറുടെ ജന്‍മദിനത്തില്‍ ആയുധങ്ങള്‍ വിതരണംചെയ്ത് ഹിന്ദു മഹാസഭ. ആഗ്രയിലെ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കത്തികള്‍ വിതരണം ചെയ്തത്. കത്തികള്‍ക്കൊപ്പം ഭഗവത് ഗീതയുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ വിജയത്തോടെ സവര്‍ക്കറുടെ സ്വപ്‌നം പൂവണിഞ്ഞതായി ഹിന്ദുമഹാസഭാ വക്താവ് അശോക് പാണ്ഡ്യേ അറിയിച്ചു. സവര്‍ക്കറുടെ മറ്റൊരു സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ കത്തികള്‍ വിതരണംചെയ്ത് ഹിന്ദു സൈനികരെ സൃഷ്ടിക്കുന്നത്. ഹിന്ദുക്കള്‍ക്ക് സ്വയം പ്രതിരോധിക്കാനും രാജ്യത്തെ സംരക്ഷിക്കാനും അറിഞ്ഞിരിക്കണം. അതിനാല്‍ ആയുധങ്ങള്‍ ഉപയോഗിക്കാനും അവര്‍ പഠിച്ചിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളെ ശാക്തീകരിക്കുന്നതിനു വേണ്ടിയാണിതെന്ന് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി വധം പുനസൃഷ്ടിച്ചതിന് പൂജയുള്‍പ്പെടെയുള്ള ഹിന്ദു മഹാസഭയുടെ നേതാക്കള്‍ക്കെതിരെ കേസുണ്ട്. ഗാന്ധിയുടെ പ്രതിമ സൃഷ്ടിച്ച് അതിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു ഹിന്ദുമഹാസഭ നേതാക്കള്‍ ചെയ്തത്.