സേവ് സിദ്ദീഖ് കാപ്പന്‍: പത്രപ്രവര്‍ത്തക യൂനിയന്‍ പ്രക്ഷോഭത്തിലേക്ക്; തിങ്കളാഴ്ച കരിദിനം

Update: 2021-04-25 12:35 GMT

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പോലിസിന്റെ തടങ്കലില്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രത്യക്ഷ സമരത്തിനും കാംപയിനും തുടക്കമിടുന്നു. സേവ് സിദ്ദീഖ് കാപ്പന്‍ കാംപയിന്റെ തുടക്കമായി യൂനിയന്‍ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തില്‍ അടക്കം വിഷയം കൂടുതല്‍ സജീവ ചര്‍ച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാംപയിന്‍ നടത്തും. രാജ്ഭവനു മുന്നില്‍ ധര്‍ണ അടക്കം വിവിധ സമര പരിപാടികള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌കരിക്കുമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അറിയിച്ചു.

    മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം സാഹിത്യ, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും കാംപയിനില്‍ അണിചേരണമെന്ന് യൂനിയന്‍ അഭ്യര്‍ഥിച്ചു. കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നല്‍കി അദ്ദേഹത്തെ തുടര്‍ ചികില്‍സക്കായി ഡല്‍ഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് 11 എംപിമാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസ് എന്‍ വി രമണയ്ക്ക് കത്ത് നല്‍കി. മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെ പോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. കാപ്പന്റെ മോചനത്തിന് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കം കേരളത്തില്‍നിന്നുള്ള മുഴുവന്‍ എംപിമാരോടും യൂനിയന്‍ അഭ്യര്‍ഥിച്ചു.

Save Siddique Kappan: Journalists union to protest; Monday is Black Day

Tags:    

Similar News