ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമനവിലക്ക് ഏര്‍പ്പെടുത്തി എസ്ബിഐ

Update: 2022-01-28 04:04 GMT

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമനവിലക്ക് ഏര്‍പ്പെടുത്തി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമനങ്ങളുടെ സമയത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് എസ്ബിഐ മാറ്റം വരുത്തിയിരിക്കുന്നത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ പിന്‍വലിച്ചിരുന്ന ഗര്‍ഭിണികളുടെ നിയമനവിലക്കാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്.

മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്കാണ് നിയമനവിലക്ക്. വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്ബിഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫിസുകളിലും സര്‍ക്കിള്‍ ഓഫിസുകളിലും എത്തിച്ചു. ജനുവരി 12നായിരുന്നു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

ഇപ്പോള്‍ പുതുതായി പുറത്തിറങ്ങിയിട്ടുള്ള നിയമന മാര്‍ഗനിര്‍ദേശങ്ങളുടെ സര്‍ക്കുലറില്‍ വിവിധ ശാരീരിക വെല്ലുവിളികളുള്ളവരെയും അവഗണിക്കുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്‍ മൂന്ന് മാസത്തില്‍ കൂടുതലാണ് ഗര്‍ഭകാലമെങ്കില്‍ അത് നിയമനത്തിന്‍ താല്‍ക്കാലിക അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇവര്‍ പ്രസവശേഷം നാല് മാസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മുമ്പും എസ്ബിഐയില്‍ ഗര്‍ഭിണികളുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് വിലക്കിന് സമാനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2009ലായിരുന്നു ഇത് പിന്‍വലിച്ചത്.

ജോലി ചെയ്യുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ആറ് മാസം വരെ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ നിയമിക്കാം എന്നതായിരുന്നു 2009ല്‍ കൊണ്ടുവന്ന മാറ്റം. ഇതിലാണ് ഇപ്പോള്‍ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.

Tags:    

Similar News