യുക്രെയ്‌നില്‍നിന്ന് മടങ്ങേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാനാവുമോ? കേന്ദ്രത്തോട് സുപ്രീം കോടതി
യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്ന് തിരികെയെത്താന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് സെപ്തംബര്‍ അഞ്ചിന് കേസ് പരിഗണിക്കും.
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് യുക്രെയ്‌നില്‍നിന്നു മടങ്ങേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുമോയെന്ന് സുപ്രിം കോടതി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും (എന്‍എംസി) കോടതി പ്രതികരണം തേടി. യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്ന് തിരികെയെത്താന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് സെപ്തംബര്‍ അഞ്ചിന് കേസ് പരിഗണിക്കും.
യുക്രെയ്‌നില്‍നിന്ന് ഇരുപതിനായിത്തോളം വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നും അവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇന്ത്യക്കുണ്ടോയെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഗുപ്ത ചോദിച്ചു. ഇന്ത്യയിലെ സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി യുക്രെയ്ന്‍ തിരഞ്ഞെടുത്തതെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ഇന്ത്യയിലെ സര്‍ക്കാര്‍ സീറ്റുകള്‍ക്ക് മെറിറ്റ് യോഗ്യതയാണ് മാനദണ്ഡമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനല്ല, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ആവശ്യമെന്നും അഭിഭാഷകന്‍ പറഞ്ഞു.
2018 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം ലഭിക്കുന്ന അതേ പരീക്ഷയാണ് അവര്‍ക്കും എഴുതേണ്ടത്. ഇന്ത്യയ്ക്ക് പുറത്ത് പ്രവേശനം നേടുന്നതിന് അവര്‍ ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) യോഗ്യത നേടേണ്ടതുണ്ട്, അതിനാല്‍ അവര്‍ക്ക് യോഗ്യതയില്ലെന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് പറഞ്ഞു.ചൈനയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയം രൂപീകരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടികാട്ടി.