വിദ്വേഷ പ്രസംഗങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കുക; പോലിസിന് നിര്‍ദ്ദേശം നല്‍കി സുപ്രിം കോടതി
ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണം. നടപടി ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. സ്വമേധയാ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കുന്നതുവരെ കാത്തിരിക്കാതെ നടപടിയെടുക്കാനും സുപ്രിം കോടതി പോലിസിന് നിര്‍ദേശം നല്‍കി.
മതത്തിന്റെ പേരില്‍ 21ാം നൂറ്റാണ്ടില്‍ നമ്മള്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നും കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേര്‍ന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണം. നടപടി ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കപ്പെടുന്നതിന് മതം നോക്കാതെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്വേഷ പ്രസംഗത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കവേയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.