ഫാറൂഖ് അബ്ദുല്ലയ്ക്ക് മോചനമില്ല; വൈക്കോയുടെ ഹര്‍ജി തള്ളി സുപ്രിംകോടതി
പൊതു സുരക്ഷാ നിയമപ്രകാരമാണ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി വൈക്കോയുടെ ഹര്‍ജി പരിഗണിക്കാതിരുന്നത്.
ന്യൂഡല്‍ഹി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുമായി ബന്ധപ്പെട്ട് എംഡിഎംകെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രിംകോടതി തള്ളി. ഫാറൂഖ് അബ്ദുല്ലയെ നിയമപ്രകാരമാണ് തടവിലിട്ടതെന്നും വേണമെങ്കില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൊതു സുരക്ഷാ നിയമപ്രകാരമാണ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി വൈക്കോയുടെ ഹര്‍ജി പരിഗണിക്കാതിരുന്നത്. എന്നാല്‍, ഹരജി നല്‍കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ജമ്മു കശ്മീര്‍ ഭരണകൂടം പൊതുസുരക്ഷ നിയമപ്രകാരമാണ് അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തതെന്ന് അറിയിച്ചത്. ഇത് കോടതി ഇടപെടല്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആയിരുന്നുവെന്നും വൈക്കോയുടെ അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ഇനി ഹേബിയസ് കോര്‍പസില്‍ കാര്യമല്ലെന്ന് കോടതി വിലയിരുത്തി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടവിലിടുന്നതിനാണ് രാജ്യസഭാ അംഗമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതെന്നാണ് നിരീക്ഷക വിലയിരുത്തല്‍. വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന നിയമമാണിത്.
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ മാസം അഞ്ച് മുതല്‍ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കള്‍ തടവിലാണ്. ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വൈക്കോ സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയത്. നിയമവിരുദ്ധമായി അദ്ദേഹത്തെ തടവില്‍ വച്ചിരിക്കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മ വാര്‍ഷികത്തില്‍ നടക്കുന്ന പരിപാടിയില്‍ ഫാറൂഖ് അബ്ദുല്ലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആഴ്ചകളായി നിയമവിരുദ്ധ തടവിലാണ് ഫാറൂഖ് അബ്ദുല്ല. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം ഇതായിരുന്നു വൈക്കോയുടെ ഹര്‍ജിയിലെ ആവശ്യം.