കൊവിഡ് പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥക്ക് സമം: സുപ്രിംകോടതി

തൂത്തുക്കുടിയിലെ സ്‌റ്റെല്‍ലൈറ്റ് പ്ലാന്റ് തുറന്നാല്‍ ആയിരക്കണക്കിനു ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനാവുമെന്ന് വേദാന്ത ഹര്‍ജിയില്‍ പറഞ്ഞു. കൊവിഡ് രോഗികള്‍ക്ക് വില ഈടാക്കാതെ ഇതു നല്‍കുമെന്ന് കമ്പനി കോടതിയെ അറിയിച്ചു.

Update: 2021-04-22 10:18 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥയ്ക്കു സമമെന്ന് സുപ്രിം കോടതി. ഓക്‌സിജന്‍ ഉത്പാദനത്തിന് തൂത്തുക്കുടിയിലെ പ്ലാന്റ് തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ്‌സ് ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

തൂത്തുക്കുടിയിലെ സ്‌റ്റെല്‍ലൈറ്റ് പ്ലാന്റ് തുറന്നാല്‍ ആയിരക്കണക്കിനു ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനാവുമെന്ന് വേദാന്ത ഹര്‍ജിയില്‍ പറഞ്ഞു. കൊവിഡ് രോഗികള്‍ക്ക് വില ഈടാക്കാതെ ഇതു നല്‍കുമെന്ന് കമ്പനി കോടതിയെ അറിയിച്ചു.

കമ്പനി തുറക്കുന്നതിനിടെ എതിര്‍ത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ദേശീയ അടിയന്തരാവസ്ഥയ്ക്കു സമമാണ് രാജ്യത്തെ അവസ്ഥയെന്ന് കോടതി ഓര്‍മിപ്പിച്ചു. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓക്‌സിജന്‍ പ്ലാന്റ് തുറക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനെ എതിര്‍ക്കുന്നത് അതിശയമെന്ന് കോടതി പറഞ്ഞു. വേദാന്തയുടെ ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി. ഏതു വിധത്തിലും ഓക്‌സിജന്‍ സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

അതിനിടെ, കോവിഡ് വ്യാപനം മൂലം രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കൊവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ വിതരണം, മരുന്നു വിതരണം, വാക്‌സിന്‍ നയം എന്നിവ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഓക്‌സിജന്‍ വിതരണം, അവശ്യ സര്‍വീസ് മരുന്നു വിതരണ, വാക്‌സിനേഷന്‍ നയം എന്നിവയ്ക്കു പുറമേ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരവും കോടതി പരിശോധിക്കും.

Tags:    

Similar News