കണ്ണൂരിലും തൃശൂരിലെ രണ്ട് താലൂക്കുകളിലും നാളെ സ്‌കൂള്‍ അവധി; എംജി പരീക്ഷകള്‍ മാറ്റി
സിബിഎസ് ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സിബിഎസ് ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, കണ്ണൂരില്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിച്ചുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ എംജി സര്‍വകലാശാല നാളെ(നവംബര്‍ ഒന്ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാലാ പിആര്‍ഒ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ക്ലാസ് മുറികളിലുള്ള കുട്ടികളെ അടിയന്തരമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാന്‍ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍ദേശം നല്‍കി. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ വീടുകളിലേക്ക് വിട്ട്, എത്തിയെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കി.