വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടികയില്‍ രണ്ടു ഡോക്ടര്‍മാര്‍മാരും രണ്ടു നഴ്‌സുമാരും

Update: 2023-09-01 06:47 GMT

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലാണ് കുന്ദമംഗലം കോടതിയില്‍ പുതിയ പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരും പുതുക്കിയ പ്രതിപ്പട്ടികയിലുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ. സി കെ രമേശന്‍, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ. ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സുമാരായ രഹന, കെ ജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികള്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

    ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തേ പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളജ് ഐഎംസിഎച്ച് മുന്‍ സൂപ്രണ്ട്, യൂനിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാരെ പുതിയ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നാല് പേരെയും ഉടന്‍ നോട്ടീസ് നല്‍കി ചോദ്യം ചെയ്യുമെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലായിക്കും ചോദ്യം ചെയ്യുക. മൂന്നുപേര്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ ചോദ്യം ചെയ്യലിനും അറസ്റ്റിനും പ്രത്യേക അനുമതി വാങ്ങേണ്ടി വരും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രകിയ നടക്കുമ്പോള്‍ ലേബര്‍ റൂം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നാലുപേരും. 2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനക്ക് മൂന്നാമത് ശസ്ത്രക്രിയ നടന്നത്.

Tags:    

Similar News