നിസാമുദ്ദീനില്‍ വീട് കയറിയുള്ള പരിശോധനയിലും കൊവിഡ് കേസുകളില്ല
ആറുപേര്‍ക്ക് ജലദോഷം, പനി പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും ഇവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി സ്‌പെഷ്യല്‍ ഡ്രൈവില്‍ പങ്കാളിയായ ഒരു ഡോക്ടര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ബസ്തിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോഴും കൊവിഡ് 19 സ്ഥിരീകരിച്ച കേസുകളില്ലെന്ന് റിപോര്‍ട്ട്. നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് പരിപാടിയില്‍ സംബന്ധിച്ചവരില്‍ നിന്നാണ് കൊവിഡ് വ്യാപിച്ചതെന്ന വ്യാജ ആരോപണങ്ങളെ തുടര്‍ന്ന് സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് വീടുകള്‍ തോറും കയറിയിറങ്ങി പരിശോധന നടത്തിയത്.
കനത്ത സുരക്ഷയില്‍ തിങ്കളാഴ്ച മുതല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍, ആറുപേര്‍ക്ക് ജലദോഷം, പനി പോലുള്ള ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും ഇവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി സ്‌പെഷ്യല്‍ ഡ്രൈവില്‍ പങ്കാളിയായ ഒരു ഡോക്ടര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. വരണ്ട ചുമ, പനി എന്നിവയുള്‍പ്പെടെയുള്ള കൊവിഡ് 19 പോലുള്ള രോഗലക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ അവരിലുണ്ടാവുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ആവശ്യമെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു ദിവസം നീണ്ട പരിശോധനയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എന്‍ജിഒ വോളന്റിയര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 13 ടീമുകളാണ് 1,900ലേറെ വീടുകള്‍ പരിശോധിച്ചത്. 7,000 ത്തോളം പേരെയാണ് നേരില്‍ക്കണ്ടത്. ആദ്യ രണ്ടുദിവസങ്ങളില്‍ ചിലര്‍ ഉദ്യോഗസ്ഥരുടെ പരിശോധനയെ എതിര്‍ത്തതിനാല്‍ വന്‍തോതില്‍ സിആര്‍പിഎഫ് ജവാന്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരുന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള വിവരശേഖരണമാണോയെന്ന് സംശയിച്ചാണ് ആദ്യഘട്ടത്തില്‍ ചിലയിടത്തുനിന്ന് എതിര്‍പ്പുണ്ടായത്. ചില വീടുകളില്‍നിന്ന് വിവരങ്ങള്‍ നല്‍കിയില്ല. ഇത്തരത്തിലുള്ള 64 വീടുകളില്‍ സര്‍വേ സംഘമെത്തിയിരുന്നു. ആദ്യ ദിവസം എതിര്‍പ്പുണ്ടായ ഒരു വീട്ടിലും തര്‍ക്കിക്കരുതെന്നും അവരുടെ വിലാസങ്ങള്‍ രേഖപ്പെടുത്തരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു. അത്തരം വീടുകളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി രോഗ നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാനും വീടുകളും പൂട്ടിയിട്ട നിലയിലായിരുന്നു. കുടുംബനാഥന്റെ പേര്, ചുമ, പനി തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ഒരു കുടുംബത്തിലെ ആളുകളുടെ എണ്ണം, അവരുടെ യാത്രാ ചരിത്രം, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളായിരുന്നു സര്‍വേ സംഘം ശേഖരിച്ചിരുന്നത്.