രാജ്യത്തെ പ്രതിപക്ഷ ദൗത്യം നിര്‍വഹിക്കുന്ന പാര്‍ട്ടിയായി എസ് ഡിപിഐ മാറി: എം കെ ഫൈസി
കണ്ണൂര്‍: ഫാഷിസ്റ്റ് ഭരണകൂടം പാര്‍ലിമെന്റില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ ദൗത്യം നിര്‍വഹിക്കുന്ന പാര്‍ട്ടിയായി എസ്ഡിപിഐ മാറിയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎഎ, എന്‍ആര്‍സി തുടങ്ങിയ നിയമങ്ങളും കാര്‍ഷിക വിരുദ്ധ-ജനവിരുദ്ധ നയങ്ങളും ഉണ്ടാക്കിയപ്പോള്‍ അതിനെതിരേ തെരുവില്‍ പ്രക്ഷോഭത്തിനു വേണ്ടി പൊതുജനങ്ങളെ അണിനിരത്തിയതില്‍ എസ്ഡിപി ഐയുടെ പങ്ക് ഏവര്‍ക്കും അറിയാവുന്നതാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കീഴൊതുങ്ങി നില്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ദൗത്യം നിര്‍വഹിക്കുന്നത് എസ്ഡിപിഐയാണ്.
രാജ്യം അതിഭീകരമായ അവസ്ഥയിലാണ് മുന്നോട്ടുപോവുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നു മാത്രമാണുള്ളത്. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ രാജ്യത്തെ വിമര്‍ശിക്കലാണെന്നു മുദ്രകുത്തി രാജ്യദ്രോഹം ചുമത്തി ഭീകരമായി ജയിലിലടയ്ക്കുകയാണ്. ഏതെങ്കിലും കേന്ദ്രമന്ത്രിയെയോ ബിജെപിയുടെ ഏതെങ്കിലും മുഖ്യമന്ത്രിയെയോ വിമര്‍ശിച്ചാലും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടയ്ക്കുകയാണ്. മോഹന വാഗ്ദാനങ്ങളിലൂടെയാണ് മോദി അധികാരത്തിലെത്തിയത്. ഇന്ത്യാ രാജ്യം 2020 ആയാല്‍ ലോകത്തെ ഏറ്റവും വലിയ ശക്തിയാവുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. അത് ഇന്നലത്തോടെ പൂര്‍ത്തിയായെങ്കിലും രാജ്യം അതിദയനീയമായി പിന്നോട്ടേക്ക് പോവുകയാണു ചെയ്തത്. അധികാരികളോട് ചോദിച്ചാല്‍ പാകിസ്താനേക്കാള്‍ മുന്നിലാണ് എന്നാണു മറുപടി നല്‍കുന്നത്. മാസങ്ങളായി നമ്മുടെ കര്‍ഷകര്‍ സമരത്തിലാണ്.
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയെന്നാണു ചിലര്‍ പറയുന്നത്. ധാരണയുണ്ടെങ്കില്‍ അതു തുറന്നുപറയുന്നതില്‍ എസ്ഡിപി ഐയ്ക്കു യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് സിപിഎമ്മുമായും കോണ്‍ഗ്രസുമായും ലീഗുമായും ധാരണയുണ്ടാക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍, സിപിഎമ്മുമായി ധാരണയുണ്ടാക്കിയെന്നു പറഞ്ഞ് ചിലര്‍ ധവളമുണ്ടാക്കുമെന്നാണു പറയുന്നത്. ഞങ്ങളൊരു കരിമ്പട്ടിക പുറത്തിറക്കി കേരള ജനതയ്ക്കു സമര്‍പ്പിക്കും. ഫാഷിസ്റ്റുകളുമായി നിങ്ങള്‍ കൂട്ടുകൂടുന്നത് എങ്ങനെയാണെന്നും ഫാഷിസ്റ്റുകളെ എസ്ഡിപി ഐ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും അതിലൂടെ തുറന്നുകാട്ടുമെന്നും എം കെ ഫൈസി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഹാറൂണ്‍ കടവത്തൂര്‍, എസ്ഡിടിയു നേതാവ് നൗഷാദ് മംഗലശ്ശേരി, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് നേതാവ് കെ പി സുഫീറ സംസാരിച്ചു.
SDPI becomes opposition party in the country: MK Faizi