
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തെ എസ്ഡിപിഐ അപലപിച്ചു. ബൈസരന്‍ താഴ്‌വരയില്‍ നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണം രാജ്യത്തിന്റെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഹൃദയത്തെ തകര്‍ത്തുവെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന്റെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ചിന്ത. ഐക്യത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കുന്ന ജമ്മു കശ്മീരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
ഹീനമായ ഈ പ്രവൃത്തിക്ക് പിന്നിലെ കുറ്റവാളികളെ തിരിച്ചറിയാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈ ആക്രമണം ആസൂത്രണം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണം. സത്യം പുറത്തുകൊണ്ടുവരാനും സുരക്ഷാ വീഴ്ച്ചകളുണ്ടെങ്കില്‍ അത് പരിഹരിക്കാനും വേണ്ട നടപടികളുണ്ടാവണം. എല്ലാവര്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.