വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണം: മുഖ്യമന്ത്രിക്ക് എസ് ഡിപിഐ നിവേദനം നല്‍കി
കോഴിക്കോട്: ലോക്ക് ഡൗണ്‍ മൂലം നട്ടംതിരിയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വൈദ്യുതി ഉപഭോഗം കൃത്യമായി കണക്കാക്കാനാവാത്തതു മൂലം വലിയ തുകയാണ് ഇത്തവണ ഉപഭോക്താക്കള്‍ക്ക് വൈദ്യതി ബില്‍ വന്നിട്ടുള്ളത്. ലോക്ക് ഡൗണ്‍ വീണ്ടും മെയ് 17 വരെ നീട്ടിയെങ്കിലും വൈദ്യുതി ബില്‍ അടയ്ക്കാനുള്ള സമയം ഇതുവരെ ദീര്‍ഘിപ്പിച്ചിട്ടില്ല. ഒരു തൊഴിലും ചെയ്യാനാവാതെ വീട്ടില്‍ കഴിയുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിത്യവൃത്തി തന്നെ ദുരിതത്തിലാണ്. ഈയവസരത്തില്‍ വൈദ്യുതി ബില്‍ തുക അടയ്ക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ശമ്പളമുള്ളവര്‍ക്കും സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കും ഒഴികെ മറ്റാര്‍ക്കും വൈദ്യുതി ബില്‍ അടയ്ക്കാനുള്ള ശേഷിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി ബില്‍ സാധാരണക്കാര്‍ക്ക് ഇളവ് ചെയ്യുകയോ ബില്‍ അടയ്ക്കുന്നതിന് സാവകാശം നല്‍കുകയോ ചെയ്യണമെന്ന് അബ്ദുല്‍ ഹമീദ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.