തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിനുള്ള ഐക്യകാഹളം മുഴക്കി ജനമുന്നേറ്റ യാത്രയ്ക്ക് ഊഷ്മള വരവേല്‍പ്പ്. രാജ്യത്തിന്റെ സര്‍വനന്മകളെയും ഇല്ലാതാക്കി പ്രാകൃത മനുവാദ ശ്രേണീകൃത സാമൂഹിക ഘടനയുടെ സൃഷ്ടിപ്പിനായി ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ് തൃശൂരില്‍ സംഗമിച്ച ജനസഞ്ചയം വിളിച്ചുപറഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തൃപ്രയാറില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ കുന്ദംകുളത്തേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി നാട്ടിക, തളിക്കുളം വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ഒരുമനയൂര്‍, ചാവക്കാട്, മമ്മിയൂര്‍, കോട്ടപ്പടി വഴി കുന്ദംകുളം പട്ടാമ്പി റോഡിലെത്തി അവിടെനിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ കുന്ദംകുളം നഗരത്തിലേക്ക് ആനയിച്ചത്.
രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ റോഡിനിരുവശവും മണിക്കൂറുകള്‍ കാത്തുനിന്ന വന്‍ ജനാവലി നല്‍കിയത്. കുന്ദംകുളംപട്ടാമ്പി റോഡില്‍ നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. ചരിത്രവും സംസ്‌കാരവും സമന്വയിപ്പിച്ച് പുതുതലമുറയ്ക്ക് ദിശാബോധം നല്‍കിയ നാടാണ് തൃശൂരും കൊടുങ്ങല്ലൂരും ചാവക്കാടും കുന്ദംകുളവുമെല്ലാം. മാലിക് ഇബ്‌നു ദീനാറിന്റെയും ചേരമാന്‍ പെരുമാളിന്റെയും ചരിത്രസ്മരണകളുറങ്ങുന്ന മണ്ണ് സാമൂഹിക നവോഥാനത്തിലൂടെ സാമൂഹിക നീതിക്കായുള്ള പുതിയ സംഘബോധം ഉണര്‍ത്തിയിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഹസ്രങ്ങള്‍. ദൃശ്യശ്രാവ്യ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പൂരങ്ങളുടെ നാട്ടില്‍ പൗരബോധം ഉണര്‍ത്തിയാണ് യാത്ര കടന്നുപോകുന്നത്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, ഉണ്ണായിവാര്യര്‍ സ്മാരകം തുടങ്ങി തലയെടുപ്പുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന തൃശൂരിന്റെ സാംസ്‌കാരിക ഭൂമികയില്‍ വൈവിധ്യങ്ങളെ തച്ചുടയ്ക്കുന്ന ഫാഷിസ്റ്റ് തേര്‍വാഴ്ചയ്ക്ക് ഇടമില്ല എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
കിരാതമായ ജാതിവ്യവസ്ഥയ്ക്കും ഉച്ചനീചത്വങ്ങള്‍ക്കും ഇരയാക്കപ്പെട്ട് ഉടുവസ്ത്രം പോലും നിഷേധിക്കപ്പെട്ട ജനതയ്ക്ക് ഉടയാട നല്‍കിയ ചേലക്കരയുടെ ചരിത്രമുറങ്ങുന്ന മണ്ണ് ഭക്ഷണത്തിലും വേഷത്തിലും ഭാഷയിലും ചരിത്രത്തിലും വിഷം കലര്‍ത്തുന്ന ഫാഷിസ്റ്റ് വൈതാളികര്‍ക്കുള്ള താക്കീതാണ്. വൈദേശികാധിപത്യത്തിനെതിരേ സന്ധിയില്ലാ സമരം നടത്തിയ ടിപ്പുവിന്റെ വീര ചരിതം ഹൃദയത്തില്‍ ആവാഹിച്ച് ഫാഷിസ്റ്റ് ഏകാധിപത്യത്തിനെതിരേ ജനാധിപത്യ പോരാട്ടത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പുരുഷാരം. സംഘപരിവാര ഫാഷിസ്റ്റ് ദുര്‍ഭരണം രാജ്യത്തിന്റെ സകല നന്മകളും തകര്‍ത്തെറിഞ്ഞ് വര്‍ണാശ്രമ അസമത്വമനുഷ്യത്വ വിരുദ്ധ സംസ്‌കൃതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള പുതിയ മുന്നേറ്റങ്ങള്‍ക്ക് സജ്ജമായിരിക്കുന്നു എന്ന സന്ദേശമാണ് ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ജനസഞ്ചയം വിളിച്ചോതുന്നത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് കളമശ്ശേരിയില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് പെരുമ്പാവൂരില്‍ സമാപിക്കും.