
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 22) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 11ന് അബാര്‍ ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ജോര്‍ജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിക്കും.
'അവഗണനയുടെ നീണ്ട എട്ടു വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി 15 ദിവസം നീണ്ടുനിന്ന സമര പരിപാടികളാണ് എസ്ഡിപിഐ നേതൃത്വത്തില്‍ നടന്നുവന്നത്. ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 22 വരെ പദയാത്ര, ഇരകളുടെ സംഗമം, വികസന മുരടിപ്പിന്റെ സ്മാരകശിലകള്‍, ഫോട്ടോ പ്രദര്‍ശനം, ജനകീയ കുറ്റപത്രം, പ്രതിഷേധ ഹര്‍ജി, ഹൗസ് ക്യാമ്പയിന്‍ എന്നിങ്ങനെയുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോട് ഭരണകൂടവും ആറന്മുള എംഎല്‍എയും കാലങ്ങളായി അവഗണന തുടര്‍ന്നുവരികയാണ്. സംസ്ഥാനം പുരോഗതിയുടെ പാതയിലാണെന്ന് സര്‍ക്കാര്‍ ദിനംപ്രതി ആവര്‍ത്തിക്കുമ്പോഴും പത്തനംതിട്ട ജില്ലാ ആസ്ഥാനം വികസനം മുരടിച്ച് വളരെയേറെ പിന്നിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. വികസനം മാനദണ്ഡമാക്കി മറ്റു 13 ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലാ ആസ്ഥാനം എന്ന നിലയില്‍ പത്തനംതിട്ട നഗരം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. അബാന്‍ മേല്‍പ്പാലം, ജില്ലാ സ്‌റ്റേഡിയം, ജനറല്‍ ആശുപത്രി, സുബല പാര്‍ക്ക്, കോഴഞ്ചേരി പാലം, ജില്ലാ ആശുപത്രി, കെഎസ്ആര്‍ടിസി ടെര്‍മിനല്‍ എന്നിങ്ങനെ കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതികളെല്ലാം നാഥനില്ലാതെ പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നു. അഴിമതിയും ഫണ്ട് വിനിയോഗത്തിലെ പാകപ്പിഴയും അശാസ്ത്രീയ നിര്‍മ്മാണവും വികസനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സലിം മൗലവി അറിയിച്ചു.