മലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവം:സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം- തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: വയനാട് പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കേരള സര്‍ക്കാര്‍ ഇടെപട്ട് യുവാവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ രാജ്യവ്യാപകമാവുകയാണ്. 25 ലധികം വരുന്ന അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ബിജെപി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
കൊലകളും അക്രമങ്ങളും രാജ്യത്ത് വ്യാപകമാകുമ്പോള്‍ തന്നെ ഇതര വിഭാഗങ്ങള്‍ക്കെതിരേ ആയുധമെടുക്കാന്‍ മംഗളൂരുവിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് ആഹ്വാനം ചെയ്യുന്ന വാര്‍ത്തകളും പ്രചരിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ട്. ഇയാള്‍ക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണം. ഓരോ ഹിന്ദുവും വീട്ടില്‍ വാള്‍ കരുതണം, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വാളുമെടുക്കണം, മക്കളുടെ വാനിറ്റി ബാഗില്‍ ഇപ്പോള്‍ പൗഡര്‍ മാത്രമാണുള്ളത്, അതില്‍ കത്തിയും കരുതണം, കത്തി കൈവശം വയ്ക്കാന്‍ ലൈസന്‍സ് വേണ്ട തുടങ്ങിയ അത്യന്തരം പ്രകോപനപരവും നിയമം കൈയിലെടുക്കാനുമുള്ള ആഹ്വാനമാണ് ആര്‍എസ്എസ് നേതാവ് നടത്തിയത്. നിരവധി കേസുകളില്‍ പ്രതിയാണെങ്കിലും ഇയാള്‍ക്കെതിരായ നിയമനടപടികള്‍ മുമ്പോട്ടു പോകാത്തതാണ് വിദ്വേഷ പ്രസ്താവനകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യം പകരുന്നത്.
അക്രമങ്ങളും തല്ലിക്കൊലകളും നടത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷാ നടപടികള്‍ ഉറപ്പാക്കുന്നതില്‍ നിയമ-നീതി നിര്‍വഹണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നത്. അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ ഭരണകൂടവും പോലീസും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.