നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പോലിസിന്റെ വീഴ്ച്ചയില്‍ അന്വേഷണം വേണം: എസ്ഡിപിഐ

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തില്‍ പോലിസിന്റെ വീഴ്ച്ച അന്വേഷിക്കണമെന്ന് എസ്ഡിപിഐ നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച് ഡിസംബര്‍ 23ന് തിരുത്തമ്പാടത്തെ വീട്ടിലെത്തി അയല്‍ക്കാരെ ഭീഷണിപ്പെടുത്തിയതിന് പരാതി നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ല. ഡിസംബര്‍ 29ന് മാത്രമാണ് പരാതിക്കാരെ സ്റ്റേഷനിലേക്ക് വിളിച്ച് പോലിസ് കാര്യം അന്വേഷിച്ചത്.
ചെന്താമരയുടെ പെരുമാറ്റത്തില്‍ ഭയമുണ്ടെന്നും നടപടി വേണമെന്നുമാണ് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പോലിസിനോട് പറഞ്ഞത്. എന്നിട്ടും, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കസ്റ്റഡിയില്‍ എടുക്കുകയോ പുതിയ കേസ് എടുക്കുകയോ ചെയ്തില്ല. കൊലക്കേസ് പ്രതിയെ ഉപദേശിച്ചു വിടുകയാണ് പോലിസ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര നാട്ടില്‍ വന്നത് സ്‌പെഷ്യല്‍ ബ്രാഞ്ചും അറിഞ്ഞില്ല. അതിനാല്‍, ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.