വഖ്ഫിലെ ഇടക്കാല വിധി ആശ്വാസകരം; മുസ്‌ലിംകളുടെ അവകാശത്തിനും നീതിക്കും വേണ്ടിയുള്ള നിയമ പോരാട്ടം തുടരും: എസ്ഡിപിഐ

Update: 2025-04-17 10:24 GMT
വഖ്ഫിലെ ഇടക്കാല വിധി ആശ്വാസകരം; മുസ്‌ലിംകളുടെ അവകാശത്തിനും നീതിക്കും വേണ്ടിയുള്ള നിയമ പോരാട്ടം തുടരും: എസ്ഡിപിഐ

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയെ എസ്ഡിപിഐ സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനയുടെ 14, 25, 26, 300എ അനുഛേദങ്ങളുടെ ലംഘനമാണെന്ന് എസ്ഡിപിഐ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു.

എന്നിരുന്നാലും, കോടതി ഇതുവരെ വ്യാജമാണെന്ന് പ്രഖ്യാപിക്കാത്ത വഖ്ഫ് സ്വത്തുക്കളില്‍ തീരുമാനമെടുക്കാനുള്ള അവകാശം കലക്ടര്‍ക്ക് നല്‍കിയതില്‍ എസ്ഡിപിഐക്ക് ആശങ്കയുണ്ട്. ഇത്, കലക്ടര്‍മാര്‍ക്ക് ശരിയായ വിവരങ്ങളും പരിചയവും ഇല്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സ്വത്തുക്കള്‍ക്ക് മേല്‍ വിവാദം സൃഷ്ടിക്കാനും ദോഷം വരുത്താനും കാരണമാക്കും.

വഖഫ് ബോര്‍ഡിലും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ആശങ്ക ഉന്നയിക്കുന്നുണ്ട്. ഇത് ഒരു നല്ല സൂചനയാണ്. എന്നാല്‍ അമുസ്‌ലിം ഉദ്യോഗസ്ഥരുടെ 'എക്‌സ്ഒഫീഷ്യോ നിയമനങ്ങള്‍ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. അത്തരം നിയമങ്ങള്‍ മറ്റ് മതങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. വഖ്ഫ് സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണവും നടത്തിപ്പും സംരക്ഷിക്കാന്‍ ഭേദഗതി നിയമം പൂര്‍ണമായും എടുത്തുകളയണം. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരെ ഹര്‍ജിക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും ഒപ്പം പാര്‍ട്ടിയുണ്ടാവുമെന്നും ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു.

Similar News