സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധരീതി അശാസ്ത്രീയം: വ്യാപാരികളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാക്കും-എസ്ഡിപിഐ

രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഗണ്യമായി കുറയുമ്പോഴും കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലാണെന്നത് പ്രതിരോധ മാര്‍ഗങ്ങളിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് വ്യക്തമാക്കുന്നത്.

Update: 2021-07-13 08:49 GMT

കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അശാസ്ത്രീയ രീതികള്‍ പിന്‍വലിക്കണമെന്നും വ്യാപാരികളെ തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പൊതുജനങ്ങളുടെ ഇ-മെയില്‍ സന്ദേശവും പ്രാദേശികമായി നില്‍പ്പു സമരവും സംഘടിപ്പിക്കും. നാളിതുവരെ തുടര്‍ന്ന് വന്ന കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയവും ഫലപ്രദവുമല്ലെന്നു തെളിയിക്കുന്നതാണ് നിലവിലെ സ്ഥിതിഗതികള്‍. രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഗണ്യമായി കുറയുമ്പോഴും കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലാണെന്നത് പ്രതിരോധ മാര്‍ഗങ്ങളിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് വ്യക്തമാക്കുന്നത്.

വ്യാപാരികളും, തൊഴിലാളികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൂന്നു ദിവസം മാത്രം വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും തിരക്ക് വര്‍ധിക്കും. പെരുന്നാള്‍, ഓണം സീസണ്‍ വരാനിരിക്കേ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് വ്യാപാരികളെ ഗുരുതരമായി ബാധിക്കും. കൂടാതെ തുറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ തിരക്ക് വര്‍ധിക്കാനും രോഗവ്യാപനം വര്‍ധിക്കാനും ഇടയാക്കും. ബാങ്കുകളുടെയും സാഹചര്യം ഇതു തന്നെയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തന്നെ മുഴുവന്‍ ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും ബാങ്കുകളും തുറക്കാന്‍ അനുവദിക്കുകയാണ് തിരക്ക് കുറക്കാനും വ്യാപനം തടയാനുമുള്ള വഴി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് തിരക്ക് കുറയ്ക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ ബിവറേജുകള്‍ക്കു മുന്നില്‍ വരുന്നവര്‍ക്ക് ഒരു നിയന്ത്രണവുമില്ല എന്നത് സര്‍ക്കാരിന്റെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയില്ലങ്കിലും വാടക, കറന്റ് ചാര്‍ജ്, ഫോണ്‍ ബില്‍ എന്നിവ കൃത്യമായി നല്‍കേണ്ടി വരുന്നത് വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. വ്യാപാരികളില്‍ ബഹുഭൂരിഭാഗവും ബാങ്ക് വായ്പയും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും മൂലധനമായി കച്ചവടം ആരംഭിച്ചവരാണ്. പ്രതിമാസം മുതലും പലിശയുമായി വലിയ തുക തിരിച്ചടവ് വേണം. മോറട്ടോറിയം പ്രഖ്യാപിച്ചാലും അത് ഏറെ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ ഗുരുതരമായ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടു വേണം സര്‍ക്കാര്‍ തിരുമാനങ്ങളെടുക്കാന്‍. ജനങ്ങളുടെ ജീവനോപാധികള്‍ തടഞ്ഞുകൊണ്ടുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. മാസത്തിലൊരിക്കല്‍ കിട്ടുന്ന കിറ്റ് കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. അശാസ്ത്രീയവും വികലവുമായ പ്രതിരോധ രീതികള്‍ പിന്‍വലിക്കാനും ക്രിയാല്‍മകവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം സാക്ഷിയാകുമെന്നും പി അബ്ദുല്‍ ഹമീദ് മുന്നറിയിപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടിയും സംബന്ധിച്ചു.

Tags:    

Similar News