ഫണ്ട് വകമാറ്റി: ബെഹ്‌റ നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ബെഹ്‌റയെ മെട്രോ റെയില്‍ എംഡി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
പോലിസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിന് അനുവദിച്ച 4.33 കോടി രൂപ അനുമതിയില്ലാതെ വകമാറ്റി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വില്ലകള്‍ നിര്‍മിച്ച നടപടി ചട്ടവിരുദ്ധമാണ്. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് അംഗീകാരം നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ നടപടി ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയാണ്.
ബെഹ്‌റ നടത്തിയ നിരവധി ക്രമക്കേടുകള്‍ സി ആന്റ് എജി കണ്ടെത്തിയിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. സംസ്ഥാനത്തെ അഞ്ച് പോലിസ് സ്‌റ്റേഷനുകള്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഇല്ലെന്നിരിക്കെയാണ് ചട്ടം ലംഘിച്ച് ആഡംബര കാറുകള്‍ വാങ്ങിയത്. വിവാദ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോണ്‍സല്‍ മാവുങ്കലുമായി ബെഹ്‌റയുടെ ബന്ധത്തെക്കുറിച്ച് കൃത്യമായ അനേഷണം വേണം. കൂടാതെ, പോലിസും കെല്‍ട്രോണും പാനാസോണിക്കും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും സിഎജി കണ്ടെത്തിയിരുന്നു. ബെഹ്‌റയുടെ ഇടപാട് സംബന്ധിച്ച് അന്വേഷണം നടന്നാല്‍ പല വമ്പന്‍ സ്രാവുകളും പിടിയിലാവുമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ കൂട്ടിച്ചേര്‍ത്തു.