വഖ്ഫ് ഭേദഗതി ബില്ല്: ഭരണഘടന തകര്‍ത്ത് മനുസ്മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമം: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി

കൊല്ലം: രാജ്യത്തിന്റെ ഭരണഘടന തകര്‍ത്ത് മനുസ്മൃതി കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് വഖ്്ഫ് ഭേദഗതിയിലൂടെ ആര്‍എസ്എസ് നിയന്ത്രിത ബിജെപി ഭരണകൂടം നടത്തുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. 'വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കൊല്ലത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിക്കു ശേഷം പീരങ്കി മൈതാനിയില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖ്ഫ് ഭേദഗതിയിലൂടെ ഭരണഘടനയുടെ അസ്തിത്വമാണ് തകര്‍ക്കപ്പെടുന്നത്. വഖ്ഫ് ഭേദഗതി ബില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ കഴുത്തില്‍ കത്തിവെക്കുന്നതാണെന്നും ഭരണഘടനയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ ഭരണകര്‍ത്താക്കളെ ആദരിക്കുന്നത് ജനാധിപത്യവും മതേതരത്വവും ഇന്ത്യാ രാജ്യം പിന്തുടരുന്നു എന്നതുകൊണ്ടാണ്. വൈവിധ്യങ്ങളുടെ പൂന്തോട്ടമാണ് ഇന്ത്യ. മസ്ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും ഗുരുദ്വാരകളും ഉള്‍പ്പെടെയുള്ള ആരാധനാ കേന്ദ്രങ്ങള്‍ മതേതരത്വത്തിന്റെ ചിഹ്നമാണ്. ഇതില്‍ ഏതെങ്കിലും ഒന്നിനു നേരെയുള്ള അതിക്രമം രാജ്യത്തിന്റെ മതേതരത്വത്തിനെതിരായ വെല്ലുവിളിയാണ്.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പൗരന്മാരുടെ പൊക്കിള്‍കൊടി ബന്ധം ചോദ്യം ചെയ്യുന്നവര്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളാണ് രാജ്യത്ത് ഉയരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെയും ജീവത്യാഗം വരിച്ചവരുടെ തലമുറ ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം അധിനിവേശത്തോടൊപ്പം നില്‍ക്കുകയും സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും ഇന്ന് രാജ്യസ്‌നേഹികളായി ചമയുന്നു. തങ്ങള്‍ അടങ്ങിയിരിക്കുകയില്ലെന്നും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിങ് സെക്രട്ടറി തടിക്കാട് സഈദ് ഫൈസി, എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ കെ സലാഹുദ്ദീന്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസലു റഹ്മാന്‍, എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി സംസാരിച്ചു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എം എം താഹിര്‍, ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, ജോര്‍ജ് മുണ്ടക്കയം, ടി നാസര്‍, വി കെ ഷൗക്കത്തലി, നിമ്മി നൗഷാദ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൃഷ്‌ണേന്ദു, ജില്ലാ പ്രസിഡന്റുമാരായ ശിഹാബുദ്ദീന്‍ മന്നാനി, മുഹമ്മദ് അനീഷ്, കെ റിയാസ്, സി ഐ മുഹമ്മദ് സിയാദ്, കെ എച്ച് അബ്ദുല്‍ മജീദ്, അജ്മല്‍ കെ മുജീബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിച്ചു.