കൊച്ചി: മഴക്കെടുതിയും കടലാക്രമണവും മൂലം തീരദേശവാസികള്‍ തീരാ ദുരിതത്തിലാണെന്നും സര്‍ക്കാറിന്റെ ഉറപ്പുകള്‍ പാഴ് വാക്കായി മാറിയെന്നും എസ്ഡിപിഐ സംസ്ഥാന സമിതി യോഗം. ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കടല്‍ ഭിത്തി നിര്‍മാണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. മഴമുന്നറിയിപ്പ് വരുമ്പോഴേക്ക് തീരദേശ വാസികള്‍ വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ്. സുരക്ഷിതമായി അവര്‍ക്ക് അന്തിയുറങ്ങാന്‍ സാഹചര്യമൊരുക്കണം. തീരദേശവാസികള്‍ ഇത്തരത്തില്‍ ഗുരുതരമായ ജീവല്‍ ഭീഷണി നേരിടുന്നത് ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ മൂല മാണ്. ട്രോളിങ് നിരോധനവും കാലവര്‍ഷക്കെടുതിയും കലാക്രമണവും മൂലം തീരദേശ വാസികളും മല്‍സ്യതൊഴിലാളി കുടുംബങ്ങളും പട്ടിണിയിലായിരിക്കുന്നു. അവര്‍ക്ക് സൗജന്യമായി ഭക്ഷ്യവിഭവങ്ങള്‍ നല്‍കാനും കടലാക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉടന്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ , കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സമിതിയംഗങ്ങള്‍ സംസാരിച്ചു.