'ഇന്ത്യ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വീഴും'; മുന്നറിയിപ്പുമായി നിതി ആയോഗ് ഉപാധ്യക്ഷന്‍

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സാമ്പത്തിക രംഗത്തെ സമസ്ത മേഖലയിലും ഉണ്ടായേക്കാവുന്ന തകര്‍ച്ചയെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-04-19 08:00 GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ ആഘാതത്തില്‍ നിന്നു കരകയറിത്തുടങ്ങിയ സാമ്പത്തിക മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്കു വീണേക്കാമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സാമ്പത്തിക രംഗത്തെ സമസ്ത മേഖലയിലും ഉണ്ടായേക്കാവുന്ന തകര്‍ച്ചയെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി പൂര്‍ണമായും മറികടക്കാന്‍ മികച്ച തയ്യാറെടുപ്പ് നടത്തിയിരുന്ന ഇന്ത്യയ്ക്ക് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള പുതിയ സമ്മര്‍ദ്ധങ്ങള്‍ വെല്ലുവിളിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് നേരത്തെ സൃഷ്ടിച്ച പ്രശ്‌നങ്ങളെക്കാള്‍ സങ്കീര്‍ണമാണ് ഇപ്പോഴത്തെ സ്ഥിതിയെങ്കിലും 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 11 % വളര്‍ച്ച നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും അനുബന്ധ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. പല സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. അത് വെല്ലുവിളി തന്നെയാണ്.

നിലവിലെ സ്ഥിതി ധനമന്ത്രാലയം വിശകലനം ചെയ്ത ശേഷമേ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവൂവെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.

Tags:    

Similar News