വിഎച്ച്പിയുടെ രാമനവമി ആഘോഷം; ബംഗാളില്‍ സുരക്ഷ ശക്തമാക്കി; 29 ഐപിഎസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

കൊല്‍ക്കത്ത: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമ നവമി ആഘോഷങ്ങളില്‍ അക്രമങ്ങളുണ്ടാവുമെന്ന ആശങ്കയില്‍ ബംഗാളില്‍ സുരക്ഷ ശക്തമാക്കി. ഹൗറ, ചന്ദന്‍ നഗര്‍, മാള്‍ഡ, ഇസ്‌ലാംപൂര്‍, അസനോള്‍-ദുര്‍ഗാപൂര്‍, സിലിഗുഡി, ഹൗറ റൂറല്‍, മുര്‍ഷിദാബാദ്, കൂച്ച് ബിഹാര്‍ എന്നിവിടങ്ങളില്‍ 29 ഐപിഎസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഹൗറയില്‍ മാത്രം ആറ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്. ബാരക്ക്പൂര്‍, ചന്ദന്‍നഗര്‍ എന്നിവിടങ്ങളില്‍ നാലു വീതം ഐപിഎസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
കൊല്‍ക്കത്തയില്‍ ആയ്യായിരം പോലിസുകാരെയും വിന്യസിച്ചിട്ടുണ്ട്. മൊത്തം 59 റാലികളാണ് കൊല്‍ക്കത്തയില്‍ നടക്കുക. കൂടുതല്‍ റാലികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. റാലികളില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാന്‍ സിസിടിവി കാമറകളും ഡ്രോണുകളും പ്രത്യേക കാമറകളും ഹെവി റേഡിയോ ഫ്‌ളൈയിങ് സ്‌ക്വോഡുകളുമുണ്ട്. കൊല്‍ക്കത്തയില്‍ ബൈക്ക് റാലികള്‍ അനുവദിക്കില്ല. കൂടാതെ ദ്രുതകര്‍മ സേനയും രംഗത്തുണ്ട്. ഏപ്രില്‍ രണ്ടു മുതല്‍ ഈ മാസം ഒമ്പതു വരെ പോലിസുകാര്‍ക്ക് അവധിയില്ലെന്ന് എഡിജിപി ജാവേദ് ഷമീം നേരത്തെ ഉത്തരവിട്ടിരുന്നു. വിവിധ പ്രദേശങ്ങളിലെ പോലിസ് സന്നാഹം സിറ്റി പോലിസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ നേരിട്ട് വിലയിരുത്തി. 2024ലെ രാമനവമി റാലിയില്‍ സ്‌ഫോടനം നടന്നിരുന്നു. 2023ല്‍ ഹൗറയിലും ഹൂഗഌയിലും ദല്‍ഖോലയിലും അക്രമം നടന്നു. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.