അന്തര്‍ സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം; തൊഴിലാളികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം: സുപ്രിം കോടതി
ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കലിനായി പരിഗണിക്കണമെന്നും സുപ്രിം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം തിരികെ നാട്ടിലെത്തിക്കണമെന്ന് സുപ്രിം കോടതി. അതിനായി സംസ്ഥാനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കേന്ദ്രം ട്രെയിനുകള്‍ അനുവദിക്കണമെന്നും നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്‌കെ ഗൗള്‍, എംആര്‍ ഷാ എന്നിവരാണ് ഉത്തരവിറക്കിയത്.
അതേസമയം ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കലിനായി പരിഗണിക്കണമെന്നും സുപ്രിം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ കാര്യക്ഷമമായി തിരിച്ചറിയുന്നതിനായി ഒരു പട്ടിക തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കി.
തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു. മടങ്ങുന്ന തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ശേഖരിക്കണം. ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണം. മടങ്ങിയെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കണം. നേരത്തെ ജോലി ചെയ്ത സ്ഥലങ്ങളിലേക്കു തിരിച്ചുപോവാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു സൗകര്യം ചെയ്തു നല്‍കണം. കൗണ്‍സിലിങ് സെന്ററുകള്‍ സംസ്ഥാനങ്ങള്‍ തുടങ്ങണം. തൊഴിലടങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിയമസഹായം നല്‍കുന്നതിനാണിത്. എത്ര തൊഴിലാളികളുണ്ട് എന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും ഒരു ലിസ്റ്റ് തയ്യാറാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.