സുപ്രിംകോടതി ബാര്‍ അസോസിയേഷനില്‍ ഭിന്നത; മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ രഞ്ജി തോമസ് രാജിവച്ചു

Update: 2024-03-15 15:46 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ബാര്‍ അസോസിയേഷനിലെ ഭിന്നത കാരണം മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ രഞ്ജി തോമസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ അദീഷ് സി അഗര്‍വാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രഞ്ജി തോമസ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    നേരത്തെ ഇലക്ടറല്‍ ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കത്ത് അയച്ചത് വിവാദമായിരുന്നു. വിധി നടപ്പാക്കുന്നത് രാഷ്ട്രപതി തടയണമെന്ന് ആവശ്യപ്പെട്ടാണ് പ്രസിഡന്റ് അദീഷ് സി അഗര്‍വാലയുടെ കത്തിലെ ആവശ്യം. ഇതിനെതിരേ ബാര്‍ അസോസിയേഷന്‍ പ്രമേയം പുറത്തിറക്കിയിരുന്നു. സുപ്രിംകോടതി സ്വമേധയ വിധി പുനപരിശോധിക്കണമെന്ന കത്തും അദീഷ് സി അഗര്‍വാള്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാജിവച്ചത്. ബാര്‍ അസോസിയേഷന്‍ അധ്യക്ഷനും കമ്മിറ്റിയുമായി യോജിച്ചുപോവാനാകില്ലെന്നും ജനാധിപത്യവിരുദ്ധമായുള്ള നടപടികളാണ് നടക്കുന്നതെന്നും രഞ്ജി തോമസ് പറഞ്ഞു. 35 വര്‍ഷമായി സുപ്രിംകോടതിയില്‍ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനായ രഞ്ജി തോമസ് അരുണാചല്‍പ്രദേശിന്റെ അഡ്വക്കറ്റ് ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    'നിസ്സഹായ അംഗം' ആയി തുടരാന്‍ തയ്യാറല്ലാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. 'അടിസ്ഥാന ജനാധിപത്യ തത്വങ്ങള്‍' പാലിക്കുന്നതിലും ബാര്‍ അസോസിയഷേന്‍ അംഗങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലും പരാജയപ്പെട്ടതിനാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവയ്ക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അറിവില്ലാതെ അധികാരികള്‍ക്ക് എഴുതിയ കത്തുകള്‍ അന്തസ്സിനെ ഗുരുതരമായി ബാധിച്ചു. ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രിംകോടതിയുടെ സമീപകാല വിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഗര്‍വാല രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് എഴുതിയ ഏറ്റവും പുതിയ കത്തും ഭരണഘടനാ വിരുദ്ധമാണെന്ന് രഞ്ജി തോമസ് പരാമര്‍ശിച്ചു.

    കഴിഞ്ഞ അഞ്ച് മാസമായി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും മറ്റ് ചിലരും കമ്മിറ്റി യോഗങ്ങളുടെ മറവില്‍ തീരുമാനങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരു. ബാറിലെ അംഗങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ല. പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റിയെ ഇരുട്ടില്‍ നിര്‍ത്തി അവരുടെ 'വ്യക്തിഗത അജണ്ടകള്‍' നടപ്പാക്കുകയാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Tags:    

Similar News