പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി

100ലേറെ കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്ന എല്ലാ ജില്ലകളിലും ഇത്തരം കോടതികള്‍ സ്ഥാപിക്കാനാണ് സുപ്രിം കോടതി നിര്‍ദേശം.

Update: 2019-07-25 09:07 GMT

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. 100ലേറെ കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്ന എല്ലാ ജില്ലകളിലും ഇത്തരം കോടതികള്‍ സ്ഥാപിക്കാനാണ് സുപ്രിം കോടതി നിര്‍ദേശം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 60 ദിവസങ്ങള്‍ക്കകം പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയും അതിനാവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്യണം. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം സിദ്ധിച്ച വിദഗ്ധരായ പ്രോസിക്യൂട്ടര്‍മാരെയും സഹായികളെയും കേന്ദ്രം നിയമിക്കണം. ഇത്തരം കേസുകളില്‍ ഫോറന്‍സിക് റിപോര്‍ട്ടുകള്‍ സമയത്ത് സമര്‍പ്പിക്കുന്നുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം.

പോക്‌സോ കേസുകളില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ നിന്നുള്ള റിപോര്‍ട്ട് വൈകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.

പോക്‌സോ കേസുകളില്‍ വധശിക്ഷ അടക്കം ഉള്‍പ്പെടുത്തി ശിക്ഷ കര്‍ശനമാക്കുന്നതിനുള്ള പോക്‌സോ നിയമ ഭേദഗതി ബില്ല് ബുധനാഴ്ച്ച രാജ്യസഭയില്‍ പാസാക്കിയിരുന്നു. ബില്ല് ഇനി ലോക്‌സഭയുടെ പരിഗണനയ്ക്ക് വയ്ക്കും. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പിഴയും തടവും പോക്‌സോ ഭേദഗതി ബില്ല് 2019 വ്യവസ്ഥ ചെയ്യുന്നു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് 1023 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ശിശു വികസന മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ സപ്തംബര്‍ 26ന് സുപ്രിം കോടതി വീണ്ടും വാദം കേള്‍ക്കും.  

Tags:    

Similar News