എംജി യൂനിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിലെ ആക്രമണം; എസ്എഫ്‌ഐ കാംപസ് ജനാധിപത്യത്തിന് ഭീഷണിയെന്ന് കാംപസ് ഫ്രണ്ട്
കൊച്ചി: എംജി യൂനിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ നടന്ന ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാതി അധിക്ഷേപത്തിനും സ്ത്രീപീഡനത്തിനും കേസെടുക്കണമെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷിരീന്‍ ആവശ്യപ്പെട്ടു. എംജി സര്‍വകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിന് ശേഷം എഐഎസ്എഫ് വനിതാ നേതാവുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്‌ഐ ആക്രമണം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.
വളരെ ഹീനവും കേട്ടാലറയ്ക്കുന്നതുമായ ഭാഷയിലാണ് എഐഎസ്എഫ് നേതാവായ നിമിഷ രാജുവിനെ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവര്‍ അധിക്ഷേപിച്ചത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ അരുണും തന്നെ അക്രമിച്ചവരിലുണ്ടായിരുന്നെന്ന് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ടിന് നിമിഷ കൊടുത്ത പരാതിയില്‍ പറയുന്നുണ്ട്. തങ്ങള്‍ക്കെതിരായി നില്‍ക്കുന്നവരെയൊക്കെ അക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന എസ്എഫ്‌ഐ നിലപാട് ഫാഷിസമാണ്.
പുരോഗമനം വാതോരാതെ പ്രസംഗിക്കുന്ന സിപിഎമ്മിന്റെ വിദ്യാര്‍ഥി വിഭാഗമായ എസ്എഫ്‌ഐ മറ്റൊരു വിദ്യാര്‍ഥി സംഘടനയുടെ വനിതാ നേതാവിനെ കേട്ടാലറയ്ക്കുന്നതും തികച്ചും മനുഷ്യത്വവിരുദ്ധവുമായ ഭാഷയിലാണ് അധിക്ഷേപിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജാതിവിളിച്ചാണ് അധിക്ഷേപം നടത്തിയത്. ഇത് തികച്ചും അപലപനീയമാണ്. കേരളത്തിലെ വിദ്യാര്‍ഥി സമൂഹം ഇതിനെതിരേ ഒന്നിച്ച് രംഗത്തുവരണമെന്നും എസ്എഫ്‌ഐയുടെ കപട ജനാധിപത്യമുഖം തിരിച്ചറിയേണ്ടതുണ്ടെന്നും സെബാ ഷിരീന്‍ കൂട്ടിച്ചേര്‍ത്തു.