ഗവര്‍ണര്‍ക്കെതിരേ വീണ്ടും എസ്എഫ് ഐ പ്രതിഷേധം; തിരുവനന്തപുരത്ത് കരിങ്കൊടി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് ഗവര്‍ണര്‍ രാജ്ഭവനിലേക്ക് പോവുന്നതിനിടെയാണ് 10ഓളം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം മുഴക്കിയത്. പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകരെ നേരത്തേ പോലിസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി നേരത്തെ ഡല്‍ഹിയില്‍നിന്ന് എത്തിയപ്പോഴും ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി കണ്ണൂരില്‍ ഗവര്‍ണറുടെ കോലം കത്തിച്ചതിന് എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, എസ്എഫ്‌ഐ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. എന്റെ കോലം മാത്രമാണ് അവര്‍ കത്തിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടേറെ പേരെ ള അവര്‍ കത്തിച്ചിട്ടുണ്ട്, കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും അവര്‍ നിരവധിപ്പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എന്റെ കോലം കത്തിച്ചത് വലിയ കാര്യമല്ല. ഇവര്‍ തുടര്‍ന്നുവരുന്ന ഫാഷിസത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ നോവലില്‍ എഴുതിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം തോട്ടത്തിലെ തെങ്ങില്‍നിന്ന് തേങ്ങയിടാന്‍ പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്നാണ് അദ്ദേഹം എഴുതിയിയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.