ഷഫീഖിന്റെ കസ്റ്റഡി കൊലപാതകം: കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍
ഷഫീഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജയില്‍ ഡിഐജി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കോട്ടയം: റിമാന്റിലിരിക്കെ ഷഫീഖ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി കുടുംബം. ഷഫീഖിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജയില്‍ ഡിഐജി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഷഫീക് മരിച്ചു മൂന്നു ദിവസമായിട്ടും അന്വേഷണം ഇരുട്ടിതപ്പുകയാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യ മന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. പ്രതിസ്ഥാനത്ത് പോലിസുകാരയതിനാല്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഒരു ഏജന്‍സി അന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്തുവരില്ലെന്നും ഇവര്‍ ശങ്കിക്കുന്നു.
നിരീക്ഷണത്തിലിരിക്കെ ഷഫീഖിന് അപസ്മാരം ഉണ്ടായെന്നാണ് ജയില്‍വകുപ്പിന്റെ വാദം. എന്നാല്‍, കുടുംബം ഇക്കാര്യം തള്ളിയിട്ടുണ്ട്. ജീവിതത്തില്‍ അപസ്മാരം വന്നിട്ടില്ലാത്ത ഷഫീഖിന് ഇപ്പോള്‍ എങ്ങിനെ അപസ്മാരം വന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്.
ഷഫീഖിനെ പാര്‍പ്പിച്ച പോസ്റ്റല്‍ സ്‌കൂളിലും എറണാകുളം ജനറല്‍ ആശുപുത്രിയിലും എത്തി ജയില്‍ ഡിഐജി സാം താങ്കയ്യന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇവ പരിശോധിച്ചു വരികയാണെന്നും അതിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നും ജയില്‍ ഡിഐജി പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് ഉടന്‍ സമര്‍പ്പിക്കും. ഷഫീഖിന്റെ മരണത്തില്‍ കേസ് എടുത്ത മനുഷ്യാവകാശ കമിഷന്‍ ജയില്‍ ഡിജിപിയോടും കോട്ടയം ജില്ലാ പോലിസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി.
11 ആം തിയ്യതിയാണ് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പളളിയില്‍ വെച്ച് ഷഫീഖിനെ ഉദയമ്പേരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത ഷഫീക് 13 ആം തിയ്യതിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപുത്രിയില്‍ മരിച്ചത്. കാക്കനാട് ജയിലില്‍ വെച്ചു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.