ഷാഹി ഈദ്ഗാഹ് മസ്ജിദ്: കോടതി മുസ്‌ലിംകളുടെ മുറിവില്‍ മുളക് പുരട്ടുന്നു: എസ്ഡിപിഐ

ബാബരി മസ്ജിദ് കേസ് ഏല്‍പിച്ച ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഇതുവരെ മുസ്‌ലിം സമുദായം മുക്തമായിട്ടില്ല. ഈയൊരു നീറുന്ന സാഹചര്യത്തിലാണ് വിഭാഗീയവും വിനാശകരവുമായ ഒരു ഹരജിയുമായി ഹിന്ദുത്വ ശക്തികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Update: 2021-11-30 10:45 GMT
ഷാഹി ഈദ്ഗാഹ് മസ്ജിദ്: കോടതി മുസ്‌ലിംകളുടെ മുറിവില്‍ മുളക് പുരട്ടുന്നു: എസ്ഡിപിഐ

കോഴിക്കോട്: ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ഹരജി ഫയലില്‍ സ്വീകരിച്ചതിലൂടെ, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മുറിവില്‍ മുളക് പുരട്ടുകയാണ് മഥുര ജില്ലാ കോടതി ചെയ്തതെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു.

തകര്‍ക്കേണ്ടുന്ന പള്ളികളുടെ പട്ടിക വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മുമ്പേ തയാറാക്കിയതാണ്. അവരുടെ തകര്‍ക്കല്‍ പരമ്പരയിലെ വിജയകരമായ ആദ്യ പരീക്ഷണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ബാബരി തര്‍ക്കത്തിലെ കോടതി വിധികള്‍ വംശീയ ഫാഷിസ്റ്റുകള്‍ക്ക് വലിയൊരു ഉത്തേജകമായി ഭവിച്ചു. ബാബരി മസ്ജിദ് കേസ് ഏല്‍പിച്ച ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഇതുവരെ മുസ്‌ലിം സമുദായം മുക്തമായിട്ടില്ല. ഈയൊരു നീറുന്ന സാഹചര്യത്തിലാണ് വിഭാഗീയവും വിനാശകരവുമായ ഒരു ഹരജിയുമായി ഹിന്ദുത്വ ശക്തികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ആരാധനാലയങ്ങളുടെ മതകീയ സ്വഭാവം 1947 ആഗസ്റ്റ് 15 ആം തീയതിയിലേത് പോലെ തുടരുമെന്നും ഒരു മതവിഭാഗത്തിന്റെയും ആരാധനാസ്ഥലങ്ങള്‍ ആരും മറ്റൊരു മത വിഭാഗത്തിന്റേതായി പരിവര്‍ത്തിപ്പിക്കുകയില്ലെന്നുമുള്ള 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് കോടതി നടപടി എന്നത് അത്യന്തം സങ്കടകരമാണ്.

ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്ത ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയിലേക്കുള്ള പ്രയാണത്തില്‍ സംഘപരിവാരത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാണ് പള്ളികള്‍ തകര്‍ക്കല്‍. വലിയൊരു പരിധിവരെ നീതിന്യായ വ്യവസ്ഥയടക്കം സകല സംവിധാനങ്ങളും ഇതിനായി അവര്‍ കാവിവല്‍ക്കരിച്ചു കഴിഞ്ഞിട്ടുണ്ട്. ഷാഹി ഈദ്ഗാഹ് മസ്ജിദ് വിഷയത്തിലെ കോടതി നടപടി ഈ കാവിവല്‍ക്കരണത്തിന്റെ പരിണിതിയാണ്.

സാമുദായിക ധ്രുവീകരണം വര്‍ധിപ്പിക്കാനും, സമൂഹത്തിന്റെ സ്വസ്ഥതയും ഇപ്പോള്‍ തന്നെ അങ്ങേയറ്റം ലോലമായിക്കഴിഞ്ഞിട്ടുളള സാമുദായിക സൗഹാര്‍ദം കൂടുതല്‍ തകരാനും മാത്രമേ മസ്ജിദിന് മേലുള്ള അവകാശവാദം പ്രയോജനപ്പെടുകയുള്ളൂ.

രാജ്യത്തെ മതേതര ജനാധിപത്യ ബോധമുളള ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റ് തീവ്രവലതുപക്ഷ ഫാഷിസ്റ്റുകളുടെ വംശീയ അജണ്ടയെ ചെറുക്കാത്ത പക്ഷം, മതേതര ജനാധിപത്യ ഇന്ത്യ കേവലം ചരിത്ര പുസ്തകത്താളുകളില്‍ മാത്രമേ അവശേഷിക്കുകയുള്ളുവെന്ന് ഫൈസി ഓര്‍മപ്പെടുത്തി.

Tags: