ഷാഹി ഈദ്ഗാഹ് മസ്ജിദ്:സര്‍വേ നടപടികള്‍ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി

Update: 2022-08-29 10:18 GMT

അലഹബാദ്:ഷാഹി ഈദ്ഗാഹ് വിവാദത്തില്‍ തര്‍ക്ക പ്രദേശത്ത് വീഡിയോഗ്രാഫിക് സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് പിയൂഷ് അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ചാണ് സ്ഥലത്തിന്റെ വീഡിയോഗ്രാഫിക് സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

ഹരജിയില്‍ നാലു മാസത്തിനകം സര്‍വേ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി മഥുര ജില്ലാ കോടതിയോട് നിര്‍ദേശിച്ചു.റിപോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.മഥുര ജില്ലാ കോടതി മുമ്പാകെ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ വാദം കേള്‍ക്കല്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കലും കാലതാമസവും കാരണം ഹരജിക്കാരനായ മനീഷ് യാദവ് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തേടി ശ്രീകൃഷ്ണ ഭൂമി ട്രസ്റ്റും മറ്റ് സ്വകാര്യ കക്ഷികളുമാണ് കോടതിയെ സമീപിച്ചത്.ഈദ്ഗാഹ് സ്ഥിതി ചെയ്യുന്ന 13.7 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ശ്രീകൃഷ്ണന്റേതാണെന്നാണ് ഹരജിക്കാരുടെ അവകാശ വാദം.


Tags:    

Similar News