'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ ആർഎസ്എസിനോട് മൃദുസമീപനവുമായി കാനം
സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പോലിസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.
പാലക്കാട്: മലമ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍, ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ആർഎസ്എസിനോട് മൃദുസമീപനം പുലർത്തി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പോലിസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് പോലിസ് എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ആർഎസ്എസ് വാദവുമായി കാനം രംഗത്തെത്തിയത് ഇടതുമുന്നണിയിൽ തന്നെ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഷാജഹാനെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാക്കുന്നതിന് എതിരേ ബ്രാഞ്ച് സമ്മേളനത്തില്‍ നിന്നും ചിലര്‍ ഇറങ്ങിപ്പോകുകയും ഇതില്‍ ചിലര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മേഖലയിൽ നടന്ന ആർഎസ്എസ് നേതൃത്വത്തിലുള്ള രക്ഷാബന്ധൻ മഹോൽസവത്തിലും കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വിലാപയാത്രയിലും പ്രതികൾ പങ്കെടുത്തിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്.