'ശരീഅത്ത് കോടതി', 'ഖാദി കോടതി' തുടങ്ങിയവയ്ക്ക് നിയമപരമായ അംഗീകാരമില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: 'ശരീഅത്ത് കോടതി', 'ദാറുല്‍ ഖദാ', 'ഖാദി കോടതി' തുടങ്ങി ഏത് പേരില്‍ അറിയപ്പെട്ടാലും അവയ്ക്ക് നിയമപരമായ അംഗീകാരമില്ലെന്നും അവ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിയമപരമായ ബാധ്യതയില്ലെന്നും സുപ്രിംകോടതി ആവര്‍ത്തിച്ചു. ശരീഅത്ത് കോടതികള്‍ക്കും ഫത്‌വകള്‍ക്കും നിയമപരമായ അംഗീകാരമില്ലെന്ന് 2014 തന്നെ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് പരാമര്‍ശിച്ചു.
തര്‍ക്കത്തിന് കാരണക്കാരി താനാണെന്ന കാരണത്താല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന കുടുംബ കോടതിയുടെ തീരുമാനം ശരിവച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഖാദി കോടതിയില്‍ സമര്‍പ്പിച്ച ഒരു ഒത്തുതീര്‍പ്പ് കരാറിനെ അടിസ്ഥാനമാക്കിയാണ് കുടുംബ കോടതി ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്.
കുടുംബ കോടതിയുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് അമാനുല്ല പറഞ്ഞു. '' 'ഖാദി കോടതി', 'ദാറുല്‍ ഖദാകോടതി', 'ശരീഅത്ത് കോടതി' തുടങ്ങിയവയ്ക്ക് നിയമത്തില്‍ അംഗീകാരമില്ല. വിശ്വ ലോചന്‍ മദന്‍ വിധിയില്‍ സൂചിപ്പിച്ചതുപോലെ, അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ഏതൊരു പ്രഖ്യാപനമോ തീരുമാനമോ, ഏത് പേരിലുള്ളതായാലും, ആരെയും നിയമപരമായി ബാധിക്കുന്നില്ല. കൂടാതെ ഏതെങ്കിലും നിര്‍ബന്ധിത നടപടി സ്വീകരിക്കുന്നതിലൂടെ അത് നടപ്പിലാക്കാന്‍ കഴിയുകയുമില്ല. തീരുമാനം ബാധകമാവുന്ന കക്ഷികള്‍ അത്തരം തീരുമാനം അംഗീകരിക്കുകയും അത്തരം നടപടി മറ്റ് ഏതെങ്കിലും നിയമവുമായി ഏറ്റുമുട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്. അത്തരം തീരുമാനത്തിന്, അത് അംഗീകരിച്ച കക്ഷികള്‍ക്കിടയില്‍ മാത്രമേ സാധുതയുള്ളൂ.'
ഹരജിക്കാരിയുടെ വിവാഹം ഇസ്‌ലാമിക ആചാരപ്രകാരം 24.09.2002ന് നടന്നു. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. 2005ല്‍, ഭര്‍ത്താവ് മധ്യപ്രദേശിലെ ഭോപ്പാലിലുള്ള 'ഖാദി കോടതി'യില്‍ ഹരജിക്കാരിക്കെതിരേ വിവാഹമോചന സ്യൂട്ട് ഫയല്‍ ചെയ്തു. ഇരു കക്ഷികളും തമ്മില്‍ 22.11.2005 ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ അത് തള്ളപ്പെട്ടു.
2008ല്‍ ഭര്‍ത്താവ് ദാറുല്‍ ഖദായില്‍ വിവാഹമോചനത്തിനായി മറ്റൊരു കേസ് ഫയല്‍ ചെയ്തു. അതേ വര്‍ഷം തന്നെ, ഭാര്യ സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ജീവനാംശം തേടി കുടുംബ കോടതിയെ സമീപിച്ചു. 2009ല്‍ 'ദാറുല്‍ ഖദാ' കോടതി വിവാഹമോചനം അനുവദിച്ചതിനെത്തുടര്‍ന്ന് തലാഖ്‌നാമ പ്രഖ്യാപിച്ചു. എതിര്‍കക്ഷിയായ ഭര്‍ത്താവ് ഹരജിക്കാരിയായ ഭാര്യയെ ഉപേക്ഷിച്ചിട്ടില്ലെന്നും അവളുടെ സ്വഭാവവും പെരുമാറ്റവുമാണ് തര്‍ക്കത്തിനും വേര്‍പിരിയലിനും കാരണമെന്നും കുടുംബകോടതി നിരീക്ഷിച്ചു. ഇത് ചൂണ്ടിക്കാട്ടി ജീവനാംശത്തിനുള്ള ആവശ്യം തള്ളുകയും ചെയ്തു. ഈ വിധി ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നാണ് ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്.
കക്ഷികളുടെ രണ്ടാം വിവാഹമായതിനാല്‍ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്ന കുടുംബ കോടതിയുടെ ന്യായവാദത്തെയും സുപ്രിംകോടതി വിമര്‍ശിച്ചു. ''കുടുംബ കോടതിയുടെ അത്തരം ന്യായവാദം നിയമത്തിന് അജ്ഞാതമാണ്. മാത്രമല്ല അത് വെറും അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ടാം വിവാഹത്തില്‍ സ്ത്രീധനം ആവശ്യപ്പെടേണ്ടതില്ലെന്ന് കുടുംബ കോടതിക്ക് അനുമാനിക്കാന്‍ കഴിയില്ല'' എന്ന് സുപ്രിംകോടതി പറഞ്ഞു. ഒത്തുതീര്‍പ്പ് കരാര്‍ പോലും കുടുംബ കോടതിയുടെ നിഗമനങ്ങളിലേക്ക് നയിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
''ഒത്തുതീര്‍പ്പ് രേഖയില്‍ ഹരജിക്കാരി തന്റെ തെറ്റ് സമ്മതിച്ചു എന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ന്യായവാദം. എന്നിരുന്നാലും, ഒത്തുതീര്‍പ്പ് രേഖ പരിശോധിച്ചാല്‍ തന്നെ, അതില്‍ അത്തരമൊരു സമ്മതം രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാകും. 2005ല്‍ ഭര്‍ത്താവ് നല്‍കിയ ആദ്യത്തെ 'വിവാഹമോചന കേസ്' ഈ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തള്ളപ്പെട്ടു. അതില്‍ ഇരു കക്ഷികളും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും മറ്റേ കക്ഷിക്ക് പരാതിപ്പെടാന്‍ ഒരു അവസരവും നല്‍കില്ലെന്ന് സമ്മതിക്കുകയും ചെയ്തു. അതിനാല്‍, ഹരജിക്കാരിയുടെ ജീവനാംശം നിഷേധിക്കുന്നതിനുള്ള അടിസ്ഥാനം തന്നെ പ്രത്യക്ഷത്തില്‍ നിലനില്‍ക്കാത്തതായി തോന്നുന്നു''- കോടതി പറഞ്ഞു. തുടര്‍ന്ന് കുടുംബ കോടതിയില്‍ ജീവനാംശത്തിന് ഹരജി സമര്‍പ്പിച്ച തിയ്യതി മുതല്‍, ഹരജിക്കാരിക്ക് പ്രതിമാസം 4,000 രൂപ ജീവനാംശം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.